
കോഴിക്കോട്: യു.ഡി.എഫിന് അധികാരം കിട്ടിയാൽ ഭരിക്കുക ജമാ അത്തെ ഇസ്ലാമിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
രാജീവ് ചന്ദ്രശേഖരൻ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ വരരുതെന്ന് അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു. ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ച രാജീവ് ചന്ദ്രശേഖരന്റെ അഭിമുഖത്തിലെ പരാമർശങ്ങളോടാണ് പ്രതികരിച്ചത്.
42 വർഷക്കാലം എൽ.ഡി.എഫിനെ പിന്തുണച്ച പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. സി.പി.എം അധികാരത്തിലിരുന്നപ്പോൾ ആഭ്യന്തരം കൈകാര്യം ചെയ്തതും ഭരണം നടത്തിയതും ജമാ അത്തെ ഇസ്ലാമിയാണോ? ബാലനും രാജീവും മറുപടി പറയണം. പിണറായി കോഴിക്കോട്ടെ ഹിറാ സെന്ററിലെത്തി ചർച്ച നടത്തിയതിന്റെ തെളിവ് ഞാൻ പുറത്തുവിട്ടതാണ്.
ജമാ അത്തെ ഇസ്ലാമി വിഷയത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ അഭിപ്രായമാണ്. 24 മണിക്കൂറും മതേതരത്വം പറയുന്ന സി.പി.എം എന്തിനാണ് ബി.ജെ.പിയുടെ അജണ്ട ഏറ്റെടുക്കുന്നത്..?
ജമാഅത്തെ ഇസ്ലാമി
ഘടക കക്ഷിയല്ല
ജമാ അത്തെ ഇസ്ലാമി യു.ഡി.എഫിന്റെ ഘടകകക്ഷിയല്ല. ഇപ്പോൾ ഞങ്ങളുമായി സഹകരിക്കുന്നുണ്ട്. എസ്.ഡി.പിയുമായി ഒരു സഹകരണത്തിനുമില്ല.
രാജീവ് ചന്ദ്രശേഖരൻ നൂലിൽ കെട്ടി ഇറക്കിയ ആളാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും മതേതര സംസ്‌കാരവും അറിയാമോ?. കേന്ദ്രത്തിൽ ബി.ജെ.പി പയറ്റിക്കൊണ്ടിരിക്കുന്നത് മതങ്ങളെ തമ്മിലടിപ്പിച്ച് അവരെല്ലാം ഭൂരിപക്ഷ മതത്തിന് എതിരാണെന്ന് വരുത്തി വോട്ട് കൈക്കലാക്കുകയാണ് . ആ തന്ത്രമാണ് കേരളത്തിലും പയറ്റി നോക്കുന്നത്. അതിവിടെ നടക്കില്ലെന്ന് ജനം മറുപടി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |