
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. കേരളത്തിലടക്കം രാജ്യമൊട്ടാകെ ഹോട്ടലുകളും റെസ്‌റ്ററന്റുകളും വ്യാപകമായി പൂട്ടുകയും ഗാർഹിക ഉപഭോക്താക്കൾ പരിഭ്രാന്തിയിൽ സിലിണ്ടറുകൾ വാങ്ങികൂട്ടുന്നതും പ്രതിസന്ധിയുടെ തീവ്രത ഉയർത്തുന്നു. റിഫൈനറികൾ, പെട്രോകെമിക്കൽ കോപ്ളക്‌സുകൾ തുടങ്ങിയവയോട് പാചക വാതക ഉത്പാദനം ഉയർത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും ആശങ്കകൾ ഒഴിയുന്നില്ല.
ലോകത്തിൽ ഏറ്റവുമധികം എൽ.പി.ജി.പി ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉൾപ്പെടെയുള്ള സ്കീമുകളിലൂടെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഉപഭോക്താക്കൾക്ക് വരെ എൽ.പി.ജി കണക്‌ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ആഭ്യന്തര ഉത്പാദനം കുറവ്
ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ എൽ.പി.ജി ഉത്പാദനം താരതമ്യേന കുറവാണ്. നടപ്പുവർഷം ജനുവരിയിൽ 11.58 ലക്ഷം ടൺ എൽ.പി.ജി ആഭ്യന്തര ഉത്പാദനമാണുണ്ടായത്. ഇക്കാലയളവിൽ 21.92 ലക്ഷം എൽ.പി.ജിയാണ് ഇറക്കുമതി നടത്തിയത്. രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ 62 ശതമാനം പാചക വാതകവും ഇറക്കുമതിയെ ആശ്രയിച്ചാണ്. കഴിഞ്ഞ വർഷം ഇന്ത്യ ഇറക്കുമതി നടത്തിയ 2.3 കോടി ടൺ എൽ.പി.ജിയിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തിയത്. യുദ്ധം ശക്തമായതോടെ ഇറാൻ ഹോർമുസ് അടച്ചതോടെ കപ്പലുകളുടെ യാത്ര മുടങ്ങിയതാണ് എൽ.പി.ജി പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഗതാഗത ചെലവേറുന്നു
ഇറാനും ഒമാനും ഇടയിലുള്ള ചെറിയ കടലിടുക്കായ ഹോർമുസിലൂടെ ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20 ശതമാനമാണ് കൈകാര്യം ചെയ്യുന്നത്. ഹോർമൂസിലെ ചരക്കുനീക്കത്തിന് വെല്ലുവിളിയേറിയതോടെ മാരിടൈം ഇൻഷ്വറൻസ് കമ്പനികൾ ഇതുവഴി കടന്നു പോകുന്ന കപ്പലുകളുടെ യുദ്ധ കവറേജ് പ്രീമിയം ആയിരം ശതമാനം വരെയാണ് കൂട്ടിയത്. ഇതോടെ ചരക്കുഗതാഗത ചെലവും കുത്തനെ ഉയർന്നു.
ഏപ്രിൽ-സെപ്തംബർ കാലയളവിലെ എൽ.പി.ജി വിപണി
ഇന്ത്യയിലെ ആഭ്യന്തര ഉത്‌പാദനം : 62.19 ലക്ഷം ടൺ
ഇന്ത്യയിലെ മൊത്തം ഉപഭോഗം : 162 ലക്ഷം ടൺ
ഇന്ത്യയുടെ ഇറക്കുമതി : 107.3 ലക്ഷം ടൺ
ഇറക്കുമതിയിലെ ആശ്രയത്വം : 62 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |