
ട്രംപിന്റെ ഗ്രീൻലാൻഡ് നയത്തിൽ ആശങ്ക
കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിൽ സ്വർണം, വെള്ളി വില റെക്കാഡുകൾ പുതുക്കി കുതിച്ചുയർന്നു. വ്യാപാര യുദ്ധ ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങികൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 88 ഡോളർ വർദ്ധിച്ച് 4,689 ഡോളർ വരെ ഉയർന്നു. വെള്ളി വില ഔൺസിന് 92 ഡോളർ കവിഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില രണ്ട് തവണയായി 1,800 രൂപ ഉയർന്ന് 1,07,240 രൂപയിലെത്തി. ഗ്രാമിന്റെ വില 225 രൂപ കൂടി 13,405 രൂപയിലെത്തി.
ജനുവരി ഒന്നിന് ശേഷം പവൻ വില 8,200 രൂപയാണ് കൂടിയത്. കഴിഞ്ഞ വർഷം സ്വർണ വില 64 ശതമാനം ഉയർന്നിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണത്തിന്റെ വിലക്കുതിപ്പിന് ആക്കം കൂട്ടുന്നു. അമേരിക്കൻ ഡോളറിന് ബദലായി ആഗോള നാണയമായി സ്വർണം മാറുകയാണ്.
വെള്ളി വില കിലോയ്ക്ക് മൂന്ന് ലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപ കവിഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഫണ്ടുകൾ വാങ്ങുന്നതും വ്യാവസായിക മേഖലയിൽ ആവശ്യം കൂടുന്നതുമാണ് വെള്ളി വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഇന്നലെ കേരളത്തിൽ വെള്ളി വില കിലോഗ്രാമിന് 3.05 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ വർഷം സെപ്തംബർ 29ന് വെള്ളി വില കിലോഗ്രാമിന് 1.5 ലക്ഷം രൂപ മാത്രമായിരുന്നു. നാല് മാസത്തിനിടെയാണ് വെള്ളി വില ഇരട്ടിയിലധികം ഉയർന്നത്.
ഓഹരികളും താഴേക്ക്
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചു. സെൻസെക്സ് 324 പോയിന്റ് നഷ്‌ടത്തോടെ 83,246.18ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 109 പോയിന്റ് ഇടിഞ്ഞ് 25,585.50ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മൂക്കുകുത്തി.
ബ്രിക്സ് കൂട്ടായ്മയ്ക്ക് പുതിയ പ്ളാറ്റ്ഫോം
ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഉഭയകക്ഷി വ്യാപാര പണമിടപാടുകൾക്കായി അതത് രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിക്കുന്ന പുതിയ പ്ളാറ്റ്ഫോം ഒരുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. അടുത്ത ബ്രിക്സ് ഉച്ചകോടിയിലെ പ്രധാന അജണ്ടയായി ഇക്കാര്യം ഉൾപ്പെടുത്തണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ ഇടിവ്
2 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |