
ചെന്നൈ: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയ ആൽമണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ വില്പനയും നിർമ്മാണവും വിതരണവും തമിഴ്നാട് സർക്കാർ നിരോധിച്ചു. ശാസ്ത്രീയ പരിശോധനയിൽ ഉയർന്ന വിഷാംശമുള്ള ഈതലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. എ.എൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും കർശന വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഹാറിലാണ് ഈ കഫ് സിറപ്പ് നിർമ്മിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളിൽ മരണത്തിന് പോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അടുത്തിടെ വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ചതിന്റെ പേരിൽ രാജ്യത്ത് കുട്ടികൾ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടി.
ആൽമണ്ട് കിറ്റ് സിറപ്പിന്റെ വില്പന ഉടനടി നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രികൾക്കും ഫാർമസികൾക്കും തമിഴ്നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ മരുന്ന് കൈവശമുള്ളവർ അവ സുരക്ഷിതമായി ഒഴിവാക്കാൻ അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതികൾ അറിയിക്കുന്നതിനോ വിശദീകരണം ലഭ്യമാക്കുന്നതിനോ 9445865400 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാനും ഡയറക്ടറേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |