
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് വീണ്ടും അഗ്നിപരീക്ഷ. ശ്രീലങ്കയിലെ ഏകദിന പരമ്പരയിലെ തോൽവിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർച്ചയ്ക്കും പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ പരാജയം രുചിച്ചു. ഇന്നലെ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 1-2ന് പരമ്പര നഷ്ടമായതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഗംഭീറിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.
Gambhir era 🤡 pic.twitter.com/NmvJ7NS5PM
— PrinCe (@Prince8bx) January 18, 2026
മൂന്നാം ഏകദിനത്തിൽ കിവീസ് ഉയർത്തിയ 338 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ പൊരുതി വീഴുകയായിരുന്നു. ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് ന്യൂസിലൻഡിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. വിരാട് കൊഹ്ലി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
രാഹുൽ ദ്രാവിഡിന് ശേഷം പരിശീലക സ്ഥാനം ഏറ്റെടുത്ത ഗംഭീറിന് കീഴിൽ ഇന്ത്യ നേരിടുന്നത് സമാനതകളില്ലാത്ത തകർച്ചകളാണ്. ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുമ്പെങ്ങുമില്ലാത്ത വിധം കനത്ത തിരിച്ചടികളാണ് നേരിട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരെ നേരിട്ട നാണംകെട്ട തോൽവിയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ മണ്ണിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0ത്തിന് വൈറ്റ് വാഷ് ചെയ്യപ്പെട്ടിരുന്നു.
ഇതിന് പുറമെ, ഏകദിന ഫോർമാറ്റിലും കാര്യമായ തകർച്ചകൾ ടീം നേരിട്ടു. 27 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീലങ്കയോട് ഒരു ഏകദിന പരമ്പര ഇന്ത്യയ്ക്ക് അടിയറവ് വയ്‌ക്കേണ്ടി വന്നു. ടെസ്റ്റ് ക്രിക്കറ്റിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കയോടും ഇന്ത്യ പരാജയം രുചിച്ചു. ഏറ്റവും ഒടുവിലായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും സ്വന്തം നാട്ടിൽ നഷ്ടപ്പെടുത്തിയതോടെ, ഗംഭീറിന്റെ തന്ത്രങ്ങളും ടീമിന്റെ തിരഞ്ഞെടുപ്പും വലിയ തോതിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതുറക്കുന്നത്.
ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപാകതകളാണ് ഗംഭീറിനെതിരെ പ്രധാനമായും ഉയരുന്ന വിമർശനം. ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിനെ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെയും മുൻ താരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചു. കൂടാതെ, പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ ഏകദിന ടീമിലേക്ക് തിരികെ വിളിക്കാത്തതിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. തുടരെ തുടരെയുള്ള പരാജയങ്ങൾ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് മേൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വരാനിരിക്കുന്ന പരമ്പരകളിലും ഇന്ത്യ വിജയം കണ്ടില്ലെങ്കിൽ ഗംഭീറിന് മേലുള്ള സമ്മർദ്ദം ഇരട്ടിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |