
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ആരംഭിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രി എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചത്. കേരളം വികസനത്തിന്റെ പാതയിലെന്നാണ് ഗവർണർ പറഞ്ഞത്.
ഇത്തവണ മാർച്ച് 26 വരെയാണ് സഭ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സഭ പിരിയും. 29ന് 2026 -27 വർഷത്തേക്കുള്ള സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കും. തുടർന്ന് രണ്ട് മുതൽ അഞ്ച് വരെ ബഡ്‌ജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ചയും വോട്ടെടുപ്പും നടക്കും. ഫെബ്രുവരി ആറ് മുതൽ 22 വരെ സഭ ചേരില്ല.

'സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നു. കേന്ദ്രനടപടികൾ ആരോഗ്യരംഗത്തെ ഉൾപ്പെടെ ബാധിച്ചു. അമേരിക്കയിലെ താരിഫ് മാറ്റം സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചു. 2,500 കോടി രൂപയാണ് കേരളത്തിന് നഷ്‌ടമുണ്ടായത്. സാമ്പത്തിക രംഗത്ത് കേരളം ശക്തമായ മുന്നേറ്റമുണ്ടാക്കി. തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കി. പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനുള്ള നടപടി തുടരുന്നു. കൃഷിനാശത്തിന് നഷ്‌ടപരിഹാരം ഉറപ്പാക്കി' - ഗവർണർ പറഞ്ഞു.
'കേന്ദ്രത്തിന്റെ നടപടികൾ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെങ്കിലും സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ തുടരുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ സർക്കാർ പലതവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്‌തു. ദേശീയപാത വികസനത്തിനും സ്ഥലം ഏറ്റെടുപ്പിനും ചെലവിട്ട 6,000 കോടി ഉൾപ്പെടെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഫെഡറലിസവും ഭരണഘടനാപരമായ അവകാശങ്ങളും സംബന്ധിച്ച ചോദ്യം ഉയരുന്നുണ്ട്. കേരളത്തിന്റെ അവകാശങ്ങൾക്കായി സർക്കാർ ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാർഗങ്ങളും അവലംബിക്കുകയും ചെയ്‌തു'- ഗവർണർ പറഞ്ഞു.
വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശിക 5,650 കോടി രൂപയാണ്. ജിഎസ്‌ടി വിഹിതത്തിൽ കുറവുണ്ട്. വായ്‌പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയിൽ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയിൽപ്പെടുത്തുന്നത് പ്രതിസന്ധിയാണെന്നും ഗവർണർ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയിൽ നടപ്പാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവർണർക്ക് കൈമാറിയെങ്കിലും കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അദ്ദേഹം സഭയിൽ വായിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്.
അതിദാരിദ്ര്യനിർമാർജനം ഉൾപ്പെടെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയിൽ കുതിക്കുന്നുവെന്നും പത്ത് വർഷത്തിനുള്ളിൽ മികച്ച മുന്നേറ്റം നടത്തിയെന്നും ഗവർണർ സഭയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |