SignIn
Kerala Kaumudi Online
Wednesday, 21 January 2026 3.49 AM IST

ഗവർണറുടെ നയപ്രഖ്യാപനം

Increase Font Size Decrease Font Size Print Page
s

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്. കേരളം വികസന പാതയിൽ കുതിക്കുകയാണെന്നും,​ കഴിഞ്ഞ പത്തുവർഷം കൊണ്ട് മികച്ച മുന്നേറ്റമുണ്ടായെന്നും ഗവർണർ നയപ്രഖ്യാപനത്തിന്റെ ആമുഖത്തിൽ പറഞ്ഞു. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയതലത്തിൽ മാതൃകയാണ്. ശിശുമരണ നിരക്ക് കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ മികച്ച നേട്ടം കൈവരിച്ചു. കേരളം നടപ്പാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ചും എടുത്തുപറഞ്ഞു. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനം വരുന്ന ഭാഗവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിച്ചു. കേരളത്തിന് അർഹമായ ധനവിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയാക്കി. തുക വെട്ടിക്കുറച്ചതിന് യാതൊരു ന്യായീകരണവുമില്ല.

കടമെടുപ്പ് പരിധി 4000 കോടിയോളമാണ് കുറച്ചത്. ഇത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ പ്രതികൂലമായി ബാധിക്കാൻ ഇടയാക്കി. തൊഴിലുറപ്പ് നിയമ ഭേദഗതി പ്രകാരം കേന്ദ്ര വിഹിതം 100-ൽ നിന്ന് 60 ശതമാനമായി കുറച്ചത് കേരളത്തിന് തിരിച്ചടിയായി. ദേശീയ തൊഴിലുറപ്പ് പദ്ധതി പഴയപടി തുടരുകയാണ് വേണ്ടതെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എല്ലാം സാധാരണം എന്ന മട്ടിലായിരുന്നു ഒരു മണിക്കൂർ 52 മിനിട്ട് നീണ്ടുനിന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. എന്നാൽ പ്രസംഗത്തിനു ശേഷം സഭയിൽ ചില നാടകീയ സംഭവങ്ങൾ ഉരുത്തിരിഞ്ഞു. സർക്കാർ എഴുതിക്കൊടുത്ത കേന്ദ്ര വിമർശനം ഗവർണർ വായിച്ചെങ്കിലും,​ ചില കടുത്ത വിമർശനങ്ങൾ ഉൾക്കൊണ്ടിരുന്ന 12, 15, 16 ഖണ്ഡികകളിലെ ചില വാചകങ്ങൾ ഗവർണർ ഒഴിവാക്കിയെന്നും,​ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ലാതിരുന്ന ഏതാനും വാക്കുകൾ കൂട്ടിച്ചേർത്തെന്നും വിമർശനമുണ്ടായി.

ഇതിനെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് രംഗത്തെത്തിയത്. മന്ത്രിസഭ അംഗീകരിച്ചതും ഗവർണർ ഒഴിവാക്കിയതുമായ ഭാഗങ്ങൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകണമെന്നും ഗവർണർ കൂട്ടിച്ചേർത്ത വാക്കുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്‌പീക്കർ അത് അംഗീകരിക്കുകയാണ് ചെയ്തത്. നയപ്രഖ്യാപനത്തിൽ കുറച്ചു ഭാഗം ഗവർണർമാർ വിട്ടുകളയുന്നത് അസാധാരണമല്ല. തുടക്കവും അവസാനവും വായിച്ചാലും മുഴുവനും വായിച്ചതായാണ് കണക്കാക്കപ്പെടുക. എന്നാൽ കൂട്ടിച്ചേർക്കലുകൾ സാധാരണ ഉണ്ടാകാറുള്ളതല്ല. ഇത് ഭരണഘടനാപരമായതും നിയമപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ മുഖ്യമന്ത്രി വായിക്കുകയും ചെയ്തു.

ഖണ്ഡിക പന്ത്രണ്ടിലെ ആദ്യ വാചകം,​ 'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്" എന്നായിരുന്നു. ഈ വാചകം ഗവർണർ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ,​ ഖണ്ഡിക 15-ലെ അവസാന രണ്ടു വാചകങ്ങളായ 'സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘനാളായി കെട്ടിക്കിടക്കുകയാണ്; ഈ വിഷയത്തിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്" എന്നിവയും ഗവർണർ വിട്ടുകളഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഖണ്ഡിക 16-ലെ അവസാന വാചകവും മുഖ്യമന്ത്രി വായിച്ചു. ഈ വാചകം ഗവർണർ വായിച്ചെങ്കിലും ഈ വാചകത്തിനൊപ്പം 'എന്റെ സർക്കാർ കരുതുന്നു" എന്ന് കൂട്ടിച്ചേർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും വരും ദിവസങ്ങളിലും നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച വിവാദം തുടരാനാണ് സാദ്ധ്യത.

TAGS: NIYAMASABHA, ASSEMBY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.