
കൊച്ചി: ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ കസ്റ്റഡിയിൽ കുടുങ്ങിയെന്നും സാധനങ്ങളും മറ്റും തിരികെ ലഭിക്കാനും കേസില്ലാതെ പുറത്തിറങ്ങാനുമായി പണം നൽകണമെന്ന് വിശ്വസിപ്പിച്ച് 62കാരിയിൽ നിന്ന് ഫേസ്ബുക്ക് സുഹൃത്ത് 65 ലക്ഷം രൂപ തട്ടിയെടുത്തു. എറണാകുളം സ്വദേശിയായ റിട്ട. നഴ്‌സാണ് ചതിയിൽപ്പെട്ടത്. ഇവരുടെ പരാതിയിൽ എറണാകുളം റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാട്രിക് മർഫി എന്ന ബെൽജിയം സ്വദേശിക്ക് എതിരെയാണ് കേസ്. 2025 മേയ് മുതൽ ജൂലായ് വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ വർഷം ആദ്യമാണ് 62കാരിക്ക് പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ചാറ്റിംഗിലൂടെ സൗഹൃദത്തിലായി. 62കാരിയെ നേരിൽ കാണാൻ മേയിൽ ഇന്ത്യയിൽ വരുന്നുണ്ടെന്ന് ഇയാൾ വിശ്വസിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം 62കാരിയെ ബന്ധപ്പെട്ട പ്രതി, താൻ ചെന്നൈയിൽ എത്തിയെന്നും എന്നാൽ കസ്റ്റംസിന്റെ പിടിയിലായെന്നും അറിയിച്ചു. കൈയിലുള്ള വലിയ തുകയും മറ്റും പിടിച്ചുവെച്ചിരിക്കുകയാണ്. പണം കെട്ടിവച്ചാൽ മാത്രമേ പുറത്തിറങ്ങാനാകൂ. കസ്റ്റഡിയിൽ നിന്ന് മോചിതനായാൽ പണം തിരിച്ചുനൽകാമെന്ന വിദേശ സുഹൃത്തിന്റെ വാക്കിൽ പരാതിക്കാരി വീണു.
പലദിവസങ്ങളിലായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതി നൽകിയ 15 അക്കൗണ്ടുകളിലേക്കായി 65 ലക്ഷം രൂപ പലതവണയായി കൈമാറി. പിന്നീട് ഇയാളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് 62കാരിയുടെ മൊഴി. പ്രതി നൽകിയ 15 അക്കൗണ്ടുകളും ഇന്ത്യയിലെ വിവിധ സ്വകാര്യ, നാഷണലൈസ്ഡ് ബാങ്കുകളുടേതാണ്. ഈ വിവരങ്ങളടക്കം പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. നിലവിൽ ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നഷ്ടപ്പെട്ട പണം മരവിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെങ്കിലും മാസങ്ങൾക്ക് മുമ്പ് നടന്ന തട്ടിപ്പായതിനാൽ ശ്രമം വിഫലമായേക്കുമെന്ന സംശയമുണ്ട്.
ആളെ കണ്ടെത്തൽ വെല്ലുവിളി
പാട്രിക് മർഫിയെന്ന പേരും ഫേസ്ബുക്ക് അക്കൗണ്ടും വ്യാജമാണെന്നാണ് കരുതുന്നത്. ഈ അക്കൗണ്ട് ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുകയാകും പൊലീസിന് മുന്നിലുള്ള വെല്ലുവിളി. വിവരങ്ങൾ ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് ഇ-മെയിൽ അയക്കും. കസ്റ്റംസോ മറ്റ് കേന്ദ്ര ഏജൻസികളോ പൊലീസോ കസ്റ്റഡിയിലെടുത്ത ആളെ വിട്ടയക്കാൻ പണം ആവശ്യപ്പെടില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |