മുംബയ് :നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര കോൺഗ്രസിൽ സ്ഥിതഗതികൾ കൈവിട്ട് നിലയിലേക്ക്. മുതിർന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട ട്വീറ്റിൽ കഴിവുകെട്ടവൻ (നികമ്മ) എന്ന വാക്കുപയോഗിച്ചതിനെച്ചൊല്ലിയാണ് ഏറ്റവും പുതിയ വിവാദം. സഞ്ജയ് നിരുപത്തിന്റെ എതിരാളിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറയെ ലക്ഷ്യമിട്ടാണ് സഞ്ജയ് ഈ വാക്കുപയോഗിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത് .
രാഹുൽ ഗാന്ധിയുടെ മുംബയ് റാലിയിൽ നിന്ന് ഞാൻ വിട്ടുനിന്നത് ചില അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് നിരുപം ട്വീറ്റിൽ പറയുന്നു. എനിക്ക് കുടുംബത്തിൽ വളരെ പ്രധാനമായ ഒരു ചടങ്ങുണ്ടായിരുന്നു. ആ ദിവസം മുഴുവൻ ഞാൻ തിരക്കിലായിരുന്നു. രാത്രി വരെ അങ്ങനെയായിരുന്നു. ഇക്കാര്യം രാഹുലിനെ നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹം എന്റെ നേതാവാണ്. എപ്പോഴും അതങ്ങനെ തന്നെയായിരിക്കും. പക്ഷേ എന്തുകൊണ്ടാണ് ആ കഴിവുകെട്ടവൻ റാലിയിൽ പങ്കെടുക്കാതിരുന്നത്. ഇങ്ങനെയായിരുന്നു നിരുപത്തിന്റെ ട്വീറ്റ്. ഇത് മിലിന്ദ് ദേവ്‌റയെ ഉദ്ദേശിച്ചാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ഉറപ്പിച്ച് പറയുന്നു.
ഒക്ടോബർ 21 ന് നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ തന്റെ നോമിനികളെ പരിഗണിക്കാതിരുന്നതാണ് സഞ്ജയ് നിരുപത്തെ പ്രകോപിപ്പിച്ചത്. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാക്കളെ അധികാര സ്ഥാനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും സഞ്ജയ് ആരോപിച്ചിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് മുംബയ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സഞ്ജയ് നിരുപത്തെ മാറ്റുന്നത്. മിലിന്ദ് ദിയോറയെയാണ് പകരം പാർട്ടി നിയമിച്ചത്. തിരഞ്ഞെടുപ്പില്‍ വൻ പരാജയം നേരിട്ടതോടെ മിലിന്ദിനെയും കോൺഗ്രസ് മാറ്റിയിരുന്നു. മുംബയിലെ ആറ് ലോക്‌സഭ സീറ്റുകളിൽ ഒന്നില്‍ പോലും വിജയിക്കാൺ കോൺഗ്രസിനായിരുന്നില്ല. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |