കോതമംഗലം: പൈങ്ങോട്ടൂർ ടൗണിലെ ആളൊഴിഞ്ഞ മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ തടഞ്ഞുവച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപാഠിയുൾപ്പെടെ നാലു പേർക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. മർദ്ദനദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. മർദ്ദനമേറ്റ വിദ്യാർത്ഥി, അക്രമിസംഘം തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തി. ആക്രമണം നടത്തിയവരെ ഇന്ന് രക്ഷിതാക്കൾക്കൊപ്പം ജുവൈനൽ കോടതിയിൽ ഹാജരാക്കും.
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൽ അന്നുതന്നെ പൊലീസ് നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, അക്രമിസംഘത്തിലെ വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ അഭ്യർത്ഥനപ്രകാരം പരാതിയില്ലെന്ന് മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് അറിയിച്ചതിനാൽ നടപടികൾ നിറുത്തിവച്ചു. ചൊവ്വാഴ്ച ദൃശ്യങ്ങൾ പുറത്തായതോടെയാണ് മർദ്ദനത്തിന്റെ ഭീകരത രക്ഷിതാക്കൾക്കും പൊലീസിനും ബോദ്ധ്യപ്പെട്ടതും കേസെടുക്കാൻ തീരുമാനിച്ചതും.
നാലു പേർ ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ഇതിൽ ഒരാൾ സഹപാഠിയും മറ്റൊരാൾ ഇതേ സ്കൂളിലെ പത്താംക്ലാസുകാരനുമാണ്. മൂന്നാമൻ മറ്റൊരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും നാലാമൻ പഠനം ഉപേക്ഷിച്ചയാളുമാണ്. മറ്റൊരു ഒൻപതാംക്ലാസുകാരൻ ദൃശ്യങ്ങൾ പകർത്തിയപ്പോൾ ഒരാൾ കാഴ്ചക്കാരനായി നിന്നു.
സ്കൂൾ വാർഷികാഘോഷത്തിനിടെയുണ്ടായ അടിപിടിയെത്തുടർന്നുള്ള കളിയാക്കലാണ് ആക്രമണത്തിന് പ്രകോപനമായത്. രാവിലെ സ്കൂളിലേക്ക് പോകാൻ പൈങ്ങോട്ടൂർ കവലയിലെത്തിയ വിദ്യാർത്ഥിയെ ആസൂത്രിതമായി കാത്തുനിന്ന സംഘം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുറിയിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച മുഖവുമായി സ്കൂളിലെത്തിയ കുട്ടിക്ക് ചികിത്സ നൽകാൻ മാതാപിതാക്കളോട് അധികൃതർ നിർദ്ദേശിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശുശ്രൂഷ നൽകി വിട്ടയച്ചു.
സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം നടത്തും. സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |