വെഞ്ഞാറമൂട്: ഒൻപതാം ക്ലാസുകാരന്റെ തല പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് കല്ല് കൊണ്ടിടിച്ച് പരിക്കേല്പിച്ചു.തൈക്കാട് ഗവ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ സ്കൂൾ പരിസരത്തെ റോഡിൽ വച്ചായിരുന്നു ആക്രമണം.
ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് മടങ്ങവേ,ബൈക്കുകളിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആക്രമിച്ചത്.ആക്രമണം നടന്ന ദിവസം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയില്ലായിരുന്നു.എന്നിട്ടും വൈകിട്ട് മൂന്ന് വിദ്യാർത്ഥികൾ ഒരു ബൈക്കിൽ സ്കൂൾ പരിസരത്തെത്തുകയായിരുന്നു.ഇതിനിടെ വഴിയിൽ നിന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈയിൽ മനപ്പൂർവം തട്ടുകയും,തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു.തുടർന്നാണ് മൂന്ന് പത്താംക്ലാസ് വിദ്യാർത്ഥികൾ ചേർന്ന്,ഒൻപതാം ക്ലാസുകാരന്റെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചത്.
തുടർന്ന് ഓടിക്കൂടിയ മറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമായി സംഘർഷമുണ്ടായി. സംഘർഷത്തിൽ മറ്റൊരു 9-ാം ക്ലാസുകാരനും പരിക്കേറ്റു.
ഇതിനിടെ തടിച്ചുകൂടിയ നാട്ടുകാർ ബൈക്ക് തടഞ്ഞ് വയ്ക്കുകയും,വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരുക്കൂട്ടരും പിരിഞ്ഞുപോയത്.
സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു.തുടർന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങൾ വഴി വൻതോതിൽ പ്രചരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |