കോഴഞ്ചേരി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ കിടങ്ങന്നൂർ എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ വിജയ മുദ്രകളുമായി ദേശദേവന്റെ നടയിൽ. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ട്രോഫികളുമായി തുറന്ന ജീപ്പിലും സ്കൂൾ വാഹനങ്ങളിലും നടത്തിയ വിജയാഘോഷ റോഡ് ഷോ നാടിന് ഉത്സവമായി.
കുട്ടികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും കൂടി നടത്തിയ റോഡ് ഷോ നാട് ചുറ്റി ആറന്മുള ക്ഷേത്രത്തിൽ സമാപിച്ചു. ക്ഷേത്രമതിൽക്കകത്ത് കുട്ടികൾ ട്രോഫികളുമായി വഞ്ചിപ്പാട്ട് പാടി വലംവച്ച് വിജയം ദേശദേവനായ പാർത്ഥസാരഥിക്ക് സമർപ്പിച്ചു. തുടർന്ന് കിഴക്കേ നടയിലെ പടിക്കെട്ടിൽ ദേശദേവന് മുന്നിൽ ട്രോഫികളുമായി ഫോട്ടോ സെഷനിലും പങ്കെടുത്താണ് അവർ പിരിഞ്ഞത്.
പി.ടി.എ വൈസ് പ്രസിഡന്റ് മനേഷ് നായർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സി.ജി.പ്രദീപ്കുമാർ, അദ്ധ്യാപകരായ വി.ജ്യോതിഷ് ബാബു, രാജേഷ് കുമാർ, വിഷ്ണു ചന്ദ്രൻ, ഇന്ദു.ജി.നായർ, ജ്യോതിമ, പി.ടി.എ പ്രതിനിധികളായ സൂസൻ സാബു, അനിലരാജ്, ചിഞ്ചു ഗിരീഷ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം സ്കൂളിൽ ചേർന്ന യോഗത്തിൽ കുട്ടികളെ അനുമോദിച്ചിരുന്നു. 157 പോയിന്റുകൾ നേടിയാണ് എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതെത്തിയത്. എച്ച്.എസ്.എസ്, എച്ച്.എസ് വിഭാഗങ്ങളിലായി 158 വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |