SignIn
Kerala Kaumudi Online
Friday, 23 January 2026 7.02 AM IST

കുഞ്ഞു വിയാന് വേണ്ടി ജലമെഴുതി തെളിവ്; ആ സ്നേഹരാഹിത്യത്തിന് ഇനി ഇരുട്ടറ

Increase Font Size Decrease Font Size Print Page
viyan

കണ്ണൂർ: അച്ഛനും അമ്മയ്ക്കുമിടയിൽ കിടന്നുറങ്ങിയ ഒന്നര വയസ്സുകാരനെ രാവിലെ കാണാതായി.
ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിൽ വീടിനടുത്തുള്ള കടൽത്തീരത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.2020 ഫെബ്രുവരി 17ന് കണ്ണൂർ നഗരപരിസരത്തെ കടലോര ഗ്രാമം ഉണർന്നത് ഈ വാർത്ത കേട്ടായിരുന്നു.

തയ്യിൽ സ്വദേശികളായ ശരണ്യ (22)പ്രണവ് (28) ദമ്പതികളുടെ മകൻ വിയാനെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തെ നയിച്ചത് അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പി പി.സദാനന്ദനായിരുന്നു. വീടിനുചുറ്റും തടിച്ചുകൂടിയ നാട്ടുകാർ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
നാലുവർഷം മുൻപ് പ്രണയവിവാഹിതരായ ദമ്പതികളുടെ ബന്ധത്തിൽ താളപ്പിഴകളേറെയായിരുന്നു. ഭർത്താവുമായി പിണങ്ങിയ ശരണ്യ രണ്ടുവർഷത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം. സംഭവത്തിന് മുൻപുള്ള രാത്രി പ്രണവ് അവിടെ എത്തി. അന്ന് രാത്രി മൂവരും ഒരേ മുറിയിലാണ് കിടന്നത്.
പുലർച്ചെ മുറിയിലെ ചൂട് സഹിക്കാനാവാതെ ഹാളിൽ പോയി കിടന്നെന്നായിരുന്നു ശരണ്യയുടെ മൊഴി. രാവിലെ മുറിയിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്.

അകന്നുകഴിഞ്ഞ ഭർത്താവ് അന്നു രാത്രി എന്തിനാണ് വീട്ടിലെത്തിയതെന്ന ചോദ്യം നാട്ടുകാരിലും പൊലീസിലും ഒരുപോലെ ഉയർന്നിരുന്നു. മകനെ കൊല്ലാനാണ് പ്രണവ് വന്നതെന്നായിരുന്നു ശരണ്യയുടെ ആരോപണം. വീട്ടിനകത്ത് അടച്ചിട്ട മുറിയിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ശരണ്യയുടെ ഫോൺ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു. ഒരേ നമ്പറിൽ നിന്ന് 17 മിസ്ഡ് കോളുകൾ. അതെ സമയം പ്രണവിന്റെ ഫോണിൽ സംശയാസ്പദമായി ഒന്നും കണ്ടതുമില്ല. ശരണ്യയുടെ ഫോണിൽ നിന്നു രാത്രി വൈകി ഒരേ നമ്പറിലേക്ക് നിരന്തരം വിളികളും ചാറ്റുകളും പൊലീസ് കണ്ടെത്തി. വാരം സ്വദേശി നിതിന്റെ (28) ഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ ഇതിനിടയിൽ നിർണായകമായി. ചില ദിവസങ്ങളിൽ രാത്രി വിളികൾ അവസാനിച്ചതിന് അരമണിക്കൂറിനുള്ളിൽ നിതിന്റെ ഫോൺ ടവർ ശരണ്യയുടെ വീടിന്റെ പരിസരത്ത് എത്തുന്നു. കുഞ്ഞിനെ കാണാതായ ദിവസം പുലർച്ചെ ഒന്നരയ്ക്ക് നിതിന്റെ മൊബൈൽ ലൊക്കേഷൻ ശരണ്യയുടെ വീടിനടുത്താണെന്ന് കണ്ടെത്തി. തുടർന്ന് നിതിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പക്ഷേ നിതിൻ മടങ്ങിയ ശേഷം പുലർച്ചെ മൂന്നോടെ കുഞ്ഞ് കരഞ്ഞതും ശരണ്യ പാലു നൽകിയതും കണ്ടെന്ന പ്രണവിന്റെ മൊഴി വീണ്ടും വഴിത്തിരിപ്പിച്ചു.


ജലമെഴുതിയതാണ് ആ ഉത്തരം

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ പാറക്കൂട്ടത്തിലേക്ക് എത്തണമെങ്കിൽ കടൽവെള്ളം കയറിയിറങ്ങുന്ന വഴിയിലൂടെ നടക്കണം. കുഞ്ഞുമായി അവിടെയെത്തിയവരുടെ വസ്ത്രത്തിലോ ചെരുപ്പിലോ കടൽവെള്ളത്തിന്റെ അംശം ഉണ്ടാകുമെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ പ്രണവിന്റെയും നിതിന്റെയും ചെരിപ്പുകളും ശരണ്യയുടെ ചുരിദാറും പരിശോധനയ്ക്ക് അയച്ചു.
ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെ അംശം കണ്ടെത്തി. തെളിവുകൾ ഒത്തുചേർന്നപ്പോൾ ശരണ്യയുടെ പ്രതിരോധം തകർന്നു. നിതിനുമൊത്ത് ജീവിക്കാൻ തടസമുണ്ടാകുമെന്ന ചിന്തയിൽ
പുലർച്ചെ കുഞ്ഞിനെ എടുത്ത് പിൻവാതിൽ വഴി കടൽഭിത്തിയുടെ ഭാഗത്തേക്ക് നടന്നു. പിന്നെ നിഷ്കരുണം പാറക്കൂട്ടങ്ങൾക്കിടയിലേക്ക് അവനെ വലിച്ചെറിഞ്ഞു.


ആ സ്‌നേഹരാഹിത്യത്തിന് ഇനി ഇരുട്ടറ

ലവ് യു ടു ദി മൂൺ ആൻഡ് ബാക്ക് എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ സാം മക്ബ്രറ്റ്നിയുടെ വാചകം ഉദ്ധരിച്ച കോടതി മനസാക്ഷി മരവിപ്പിക്കുന്ന കുറ്റമാണ് മാതാവ് ചെയ്തതെന്ന് നിരീക്ഷിച്ചാണ് ശരണ്യയ്ക്ക് ജീവപര്യന്തം വിധിച്ചത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.