
കണ്ണൂർ:ഇന്ധനചോർച്ചയെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സെൻട്രൽ ജയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിൽ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ പ്രഷർ ടെസ്റ്റിംഗിന്റെ ആദ്യഘട്ടത്തിൽ
വളരെ നേരിയ തോതിലുള്ള ചോർച്ച കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. കൂടുതൽ വ്യക്തതയ്ക്കായി പരിശോധന തുടരുമെന്നും ചോർച്ച സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും നിലവിലുള്ള ടാങ്ക് സംരക്ഷണഭിത്തിക്ക് പകരം ഇരട്ട പാളിയുള്ള കോൺക്രീറ്റ് ചുമർ നിർമ്മിക്കുമെന്നും ഐ.ഒ.സി ഡിവിഷണൽ മാനേജർ ഭാനു ചന്ദ്രാകർ ഉറപ്പുനൽകി.
പമ്പിലെ പെട്രോൾ സംഭരണിയിൽ ഹൈഡ്രോ ടെസ്റ്റിംഗിലൂടെയാണ് ചോർച്ച പരിശോധന നടത്തുന്നത്. ഡീസൽ, പ്രീമിയം പെട്രോൾ സംഭരണികളിലെ പരിശോധന ഇന്നു നടക്കും.
ഇന്നലെ രാവിലെ പമ്പിലെത്തിയ പ്രദേശവാസികളുടെ സംശയങ്ങൾ ദൂരീകരിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്. ഐ.ഒ.സി കോഴിക്കോട് ഡിവിഷണൽ ഹെഡ് ഭാനു ചന്ദ്രാകർ, സെയിൽസ് ഓഫീസർ കെ. ഹസീബ്, സെൻട്രൽ ജയിൽ സുപ്രണ്ട് കെ.വേണു, അസിസ്റ്റന്റ് സുപ്രണ്ട് പി.ടി.സന്തോഷ്, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ പി.അശ്വിനി, കോർപറേഷൻ കൗൺസിലർമാരായ ദീപ്തി വിനോദ്, പി.മഹേഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, മുൻ കൗൺസിലർ വി.കെ.ഷൈജു തുടങ്ങിയവർ പരിശോധന സ്ഥലത്തുണ്ടായിരുന്നു.
ഹൈഡ്രോസ്റ്റാറ്റിക് ടെസ്റ്റ്
പൈപ്പ്‌ലൈനുകൾ , പ്ലംബിംഗ് , ഗ്യാസ് സിലിണ്ടറുകൾ , ബോയിലറുകൾ , ഇന്ധന ടാങ്കുകൾ തുടങ്ങിയ പ്രഷർ വെസലുകളുടെ ശക്തിയും ചോർച്ചയും പരിശോധിക്കുന്നതിനുള്ള ഒരു മാർഗമാണ് ഹൈഡ്രോസ്റ്റാറ്റിക് ടെസ്റ്റ് .
സെൻട്രൽ ജയിലിലെ ഐ.ഒ.സി പമ്പിൽ 20,000 ലിറ്റർ ശേഷിയുള്ള സംഭരണികളിൽ വെള്ളം നിറച്ച ശേഷം അതിന് മർദ്ദം പ്രയോഗിച്ചാണ് പരിശോധന നടത്തുന്നത്. മർദ്ദത്തിൽ വ്യത്യാസം കണ്ടെത്തിയാൽ സംഭരണിയിൽ ചോർച്ചയുണ്ടെന്നു സ്ഥിരീകരിക്കും.
നടപടിയുമായി മലിനികരണ നിയന്ത്രണബോർഡും
പ്രദേശത്തെ ഭൂമിയിൽ പരന്നിട്ടുള്ള ഇന്ധനം സമീപവാസികളുടെ ആരോഗ്യത്തനും പരിസ്ഥിതിക്കും ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി ശക്തമാക്കി. സെൻട്രൽ ജയിൽ ക്വാർട്ടേഴ്സിലെയും അംഗണവാടിക്ക് സമീപമുള്ള കിണറുകൾ ഉൾപ്പെടെ പ്രദേശത്തെ 20 കിണറുകളിൽനിന്നുള്ള ജലസാമ്പിളുകൾ എറണാകുളത്തെ സെൻട്രൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രശ്നബാധിതമായ വീടുകളിലേക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. കൂടുതൽ ഇന്ധന സാന്നിധ്യം കണ്ടെത്തിയ വീടുകളിലെ കിണറുകൾ ഇതിനകം മൂന്ന് തവണ ശുചീകരിച്ചു-ഐ.ഒ.സി കോഴിക്കോട് ഡിവിഷണൽ ഹെഡ് ഭാനു ചന്ദ്രാകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |