
പിടിയിലായത് മുംബയ് വിമാനത്താവളത്തിൽ നിന്ന്
കേരള പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു
ശംഖുംമുഖം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ,യുവതിയുടെ ഭർത്താവ് മുംബയ് വിമാനത്താവളത്തിൽ പിടിയിൽ.ഗ്രീഷ്മയുടെ ഭർത്താവ് പഴഞ്ചിറ സ്വദേശി ഉണ്ണിക്കൃഷ്ണനാണ്, വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്.കേരള പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസ് പ്രകാരം, മുംബയ് വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു.
കേസിൽ പ്രതിയാകുമെന്ന് കണ്ടതോടെ കേരളത്തിൽ നിന്നുമാറി മുംബയ് വഴി വിദേശത്തേക്ക് കടക്കാനായിരുന്നു ഉണ്ണിക്കൃഷ്ണന്റെ ശ്രമം.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനും കേരള പൊലീസ് കേസെടുത്തിരുന്നു.തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എല്ലാ വിമാനത്താവളങ്ങളിലേക്കും കൈമാറിയിരുന്നു.
ഉണ്ണിക്കൃഷ്ണനെ നാട്ടിലെത്തിക്കാൻ പൂന്തുറ പൊലീസ് മുംബയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യംചെയ്തശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡൻസ് രണ്ടാം തെരുവ് എസ്.ജി.ആർ.എ 42എയിൽ എസ്.എൽ.സജിത രാജിനെയും,മകൾ ഗ്രീഷ്മ.എസ്.രാജിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്തിയത്. സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.മരണത്തിന് കാരണം ഉണ്ണിക്കൃഷ്ണനാണെന്ന വാട്സാപ്പ് സന്ദേശം സജിത മരിക്കുംമുൻപ് ബന്ധുക്കൾക്ക് അയച്ചിരുന്നു.ആറുവർഷത്തെ മാനസിക പീഡനവും അപമാനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്.
ഉപയോഗിച്ച ഉടുപ്പുപോലെ വലിച്ചെറിഞ്ഞു
കേവലം 25 ദിവസം കൂടെ താമസിച്ച് ഉണ്ണിക്കൃഷ്ണൻ, ഉപയോഗിച്ച ഉടുപ്പുപോലെ മകളെ വലിച്ചെറിഞ്ഞെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമാണ് സജിതയുടെ കുറിപ്പിലുള്ളത്.200ലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയത്.പിരിയാൻ തക്ക കാരണമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ണിയും സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണൻ അയർലൻഡിൽ കോളേജ് അദ്ധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ഗ്രീഷ്മയുടെ ബന്ധുക്കൾ പറയുന്നത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉണ്ണിക്കൃഷ്ണനെ ഗ്രീഷ്മ കണ്ടിരുന്നു. ഇവിടെവച്ച് ഉണ്ണിക്കൃഷ്ണൻ മോശമായി പെരുമാറിയെന്നും, വിവാഹബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും ബന്ധുക്കൾ പറയുന്നു.
അതേസമയം, അമ്മ സജിതയ്ക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.സജിതയുടെ ഭർത്താവും മുൻ കൃഷി ഓഫീസറുമായ രാജീവ് ഒരുമാസം മുൻപാണ് മരിച്ചത്.ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.പോസ്റ്റ്‌മോർട്ടത്തിനുശേഷം സജിതയുടെയും ഗ്രീഷ്മയുടെയും മൃതദേഹങ്ങൾ മുട്ടത്തറ ശശ്മാനത്തിൽ സംസ്‌കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |