@പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീടുകൾ കൈമാറും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിംലീഗ് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും. 50 വീടുകളുടെ നിർമ്മാണമാണ് നടക്കുന്നത്. മുട്ടിൽ മേപ്പാടി റോഡിൽ മുക്കംകുന്നിന് സമീപം വള്ളിത്തോട് നിർമ്മിക്കുന്ന 40 ഓളം വീടുകളുടെ വാർപ്പ് പൂർത്തിയായി. വീടുകളുടെ തേപ്പ് ,പെയിന്റിംഗ്, പ്ലംബിംഗ് , വയറിംഗ് സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ഓരോ കുടുംബത്തിനും 8 സെന്റ് ഭൂമിയിൽ 1060 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. ഭാവിയിൽ ഗുണഭോക്താക്കൾക്ക് മുകളിലേക്ക് ഒരു നിലകൂടി നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് വീടുകളുടെ നിർമ്മാണം. 105 വീടുകളാണ് മുസ്ലിം ലീഗ് നിർമ്മിക്കുന്നത്. സർക്കാർ ലിസ്റ്റിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
60 വീടുകളുടെ നിർമ്മാണം കൂടി ഉടൻ ആരംഭിക്കും. മൂന്ന് സ്ഥലങ്ങളിലായി 12 ഏക്കർ ഭൂമിയാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീടുകൾ കൈമാറും. പ്രിയങ്കഗാന്ധി എം.പി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |