
തിരുവനന്തപുരം: ശബരിമല സ്വർണതട്ടിപ്പ് സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.ഐ.ടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ സമ്മർദ്ദം അവസാനിപ്പിക്കണം. ഈ രണ്ട് ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നത്. നവംബർ അഞ്ചിലെ ഉത്തരവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കോടതി നടത്തിയിരുന്നത്. മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനാണ് കോടതി അടിവരയിട്ടത്. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു സമ്മർദ്ദം ചെലുത്തുകയാണ്. ഭരണപക്ഷം ബഹളമുണ്ടാക്കിയതും പ്രതിപക്ഷം വരുന്നതു പോലെ പുറത്തേക്ക് വന്ന് മാദ്ധ്യമങ്ങളെ കണ്ടതും നല്ലകാര്യമാണ്. വരാൻ പോകുന്ന അഞ്ച് വർഷത്തേക്കുള്ള റിഹേഴ്സലാണ് ഭരണകക്ഷി നടത്തിയത്.
ശബരിമലയിലെ സ്വർണം എവിടെ പോയെന്നതിനുള്ള ഉത്തരമാണ് ജനങ്ങൾക്ക് വേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് റിമോട്ട് കൺട്രോൾ ഉണ്ടെന്ന സംശയം നിലനിൽക്കുന്നതായും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |