വിതുര: വേനലെത്തും മുമ്പേ വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. മേഖലയിലെ കിണറുകളിലെ ജലനിരപ്പ് അനുദിനം താഴുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വറ്റിയിട്ട് ആഴ്ചകളായി. ജലജീവൻമിഷൻ വകുപ്പിന്റെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വ്യാപകമായി പൈപ്പ്ലൈനുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും വെള്ളം ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതോടൊപ്പം നാട്ടുകാർ കുടിനീരിനായി പരക്കം പായുമ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവ് കാഴ്ചയാണ്. കേടാകുന്ന പൈപ്പ്ലൈൻ കൃത്യമായി നന്നാക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വേനൽക്കാലത്ത് മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
ആശ്രയം വാമനപുരം നദി
വെള്ളത്തിനായി വാമനപുരം നദിയെയാണ് ഇവിടെയുള്ളവർ ആശ്രയിക്കുന്നത്. ശുദ്ധജലക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കുന്ന മിക്ക പദ്ധതികളും യാഥാർത്ഥ്യമാകാറില്ല. വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി പന്ത്രണ്ട് വർഷം മുമ്പ് ആവിഷ്ക്കരിച്ച വിതുര തൊളിക്കോട് ശുദ്ധജലപദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. വിതുര പഞ്ചായത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. തൊളിക്കോട് പഞ്ചായത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉടൻ പൂർത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതേസമയം വിതുര തൊളിക്കോട് പഞ്ചായത്തുകളുടെ ഉയർന്ന പ്രദേശങ്ങൾ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. നീരുറവകളും നീർച്ചാലുകളും വറ്റി വരണ്ടുതുടങ്ങി. നദികളിലെ നീരൊഴുക്കും കുറഞ്ഞു. ഇതിനിടയിൽ പൈപ്പും പൊട്ടി ഒഴുകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |