
തിരുവനന്തപുരം: ഇന്ത്യ - ന്യൂസിലാന്‍ഡ് ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (ദി സ്‌പോര്‍ട്‌സ് ഹബ്) ആണ് അഞ്ചാം മത്സരത്തിന്റെ വേദി. ജനുവരി 31ന് ആണ് തിരുവനന്തപുരത്തെ മത്സരം. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ മിനിറ്റ് മുതല്‍ തന്നെ ആവശ്യക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ടിക്കറ്റ് ബുക്കിംഗ് ആപ്പായ ടിക്കറ്റ്ജീനി വഴിയായിരുന്നു പൊതുജനങ്ങള്‍ക്കുള്ള ബുക്കിംഗ്.
മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നുവെന്നാണ് ആപ്പില്‍ ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ കാണിക്കുന്നത്. ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന് മുന്നോടിയായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. ആ മത്സരത്തിനൊഴികെ തിരുവനന്തപുരം വേദിയായ എല്ലാ മത്സരങ്ങളും ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റ് പോയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി 2015ല്‍ അരങ്ങേറിയെങ്കിലും സൂപ്പര്‍താരം സഞ്ജു സാംസണ്‍ ആദ്യമായി സ്വന്തം നാടായ തിരുവനന്തപുരത്ത് കളിക്കുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
ഇതിന് മുമ്പ് 2019ല്‍ തിരുവനന്തപുരത്ത് ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ സഞ്ജു സ്‌ക്വാഡിലുണ്ടായിരുന്നുവെങ്കിലും മത്സരത്തില്‍ കളിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ ലോകകപ്പിന് മുമ്പുള്ള അവസാന ഇന്ത്യയുടെ അവസാന മത്സരം എന്ന നിലയ്ക്ക് ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജുവിനെ ഒഴിവാക്കാന്‍ സാദ്ധ്യത കുറവാണ്. നാട്ടില്‍ വലിയ ആരാധക കൂട്ടം തന്നെയുണ്ട് സഞ്ജുവിന്. താരം കളിക്കുന്നത് നേരില്‍ക്കാണാനുള്ള നാട്ടുകാരുടെ ആവേശം കൂടിയാണ് ഇത്ര വേഗത്തില്‍ ടിക്കറ്റ് വിറ്റ് പോയതിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |