
ഇടിക്കൂടിന്റെ ആരവം തിയേറ്ററിൽ മുഴങ്ങുന്നു . 'ചത്താ പച്ച : റിംഗ് ഒാഫ് റൗഡീസ്". മലയാള സിനിമയിലെ ആദ്യ മുഴുനീള ഡബ് ള്യു ഡ ബ്ളള്യു ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രത്തിൽ അർജുൻ അശോകനും റോഷൻ മാത്യുവും ഇഷാൻ ഷൗക്കത്തും റിംഗ് കൈയടക്കുന്ന കാഴ്ച. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്താ പച്ചയുടെ ക്യാമറയുടെ മുൻപിൽ കേന്ദ്രകഥാപാത്രത്തിലൊരാളാണ് ഇഷാൻ ഷൗക്കത്ത്. പിന്നിൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായി ചേട്ടൻ ഷിഹാൻ ഷൗക്കത്ത്. മാർക്കോയുടെ അനുജൻ വിക്ടറായി എത്തി പ്രേക്ഷകരുടെ സ്നേഹം നേടിയതാണ് ഇഷാൻ.2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഡൈഡ് ലൈൻ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് ഷിഹാൻ. ഇഷാനും ഷിഹാനും ഒത്തുചേർന്നപ്പോൾ.
രക്തത്തിൽ
സിനിമ
ഇഷാൻ: കുട്ടിക്കാലം മുതൽ ഷിഹാൻ ചെയ്യുന്നത് എല്ലാം ഞാൻ കോപ്പി ചെയ്യുമായിരുന്നു. ആള് സ്‌പോർട്സ് എല്ലാം കാണും. അന്നുമുതൽ സ്‌പോർട്സ് കണ്ടു. സ്‌പോർട്സ് കളിക്കാൻ തുടങ്ങി. സിനിമകൾ ഷിഹാൻ കാണാൻ തുടങ്ങി. ആ റൂട്ടും ഫോളോ ചെയ്തു. യാദൃച്ഛികമായി സംഭവിച്ചത് ആണ് എല്ലാം. റീൽസ് ഇറങ്ങുംമുൻപ് ഷിഹാൻ എഡിറ്റിംഗ് വീഡിയോസ് പോസ്റ്റ് ചെയ്യാൻ തുടങ്ങി. ആളിന് കഴിവുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ദുബായ് ഇൻസ്റ്റഗ്രാം ഫോളോയിംഗ് ഉണ്ടായി. ആ സമയത്താണ് ഞാൻ യു.എസിൽ തിയേറ്റർ ചെയ്യുന്നത്. ഇഷാൻ പിന്നീട് എഡിറ്റിംഗ്, സംവിധാന മേഖലയിലേക്ക് പോയി. സിനിമ തന്നെ കരിയർ എന്ന തീരുമാനം ഞാൻ ആണ് ആദ്യം എടുത്തത്. ഇഷാൻ തന്ന ആത്മവിശ്വാസത്തിൽ ആണ് തിരഞ്ഞെടുത്തത്.
ഷിഹാൻ: ഞങ്ങളുടെ രക്തത്തിൽ തന്നെയുണ്ട് സിനിമ. വാപ്പ ലെൻസ്‌മാൻ ഷൗക്കത്ത് ഫോട്ടോഗ്രാഫർ. പരസ്യചിത്ര മേഖലയിലും കൊമേഴ്സ്യൽ രംഗത്തും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല നല്ല നർത്തകനുമാണ് ഇഷാൻ. എനിക്ക് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനാണ് എപ്പോഴും താത്‌പര്യം.
ഡബ് ള്യു ഡബ്ളള്യു ഇ ഫാൻസ്
ഷിഹാൻ: ഡബ് ള്യു ഡബ്ളള്യു ഇയുടെ കടുത്ത ഫാൻസാണ് കുട്ടിക്കാലം മുതൽ ഞാനും ഇഷാനും. കുറെ ബെഡുകൾ ഞങ്ങൾ പൊട്ടിച്ചിട്ടുണ്ട്. ചത്താ പച്ച സ്‌പോർട്സ് എന്റർടെയ്‌നർ എന്നതിലുപരി മൂന്നു സഹോദരന്മാരുടെ കഥ എന്നെ ഏറെ ആകർഷിച്ചു. റെസ്ളിംഗ് ഒരു ബോണ്ടിംഗ് മൊമന്റ് ആയിരുന്നു.
ഇഷാൻ: എല്ലാ ട്രെന്റും തുടങ്ങുന്നത് ഫോർട്ട് കൊച്ചിയിൽ നിന്നാണ്. അതിനാൽ ഡബ് ള്യു ഡബ്ളള്യു ഇ റെസ്ളിലിംഗ് ഫോർട്ട് കൊച്ചിയിൽ കൊണ്ടുവന്നാൽ നന്നായിരിക്കുമെന്ന് തോന്നി . അവരായിരിക്കുമല്ലോ ഇതെല്ലാം ആദ്യം ചിന്തിക്കുന്നത്. ഗ്വാട്ട ഗുസ്തിയുടെ പിൻബലമുണ്ട് കഥാപാത്രങ്ങൾക്ക്. അവിടെ നിന്നാണ് ഡബ് ള്യു ഡബ്ളള്യു ഇ താത്പര്യം തുടങ്ങുന്നത്. പ്രീ പ്രൊഡക്ഷൻ സമയത്ത് മട്ടാഞ്ചേരി ഭാഗത്ത് ഗ്വാട്ട ഗുസ്തി പരിശീലകരെയും കുട്ടികളെയും കണ്ടു.
സംവിധാനം ചേട്ടൻ
നായകൻ അനുജൻ
ഇഷാൻ: ഉറപ്പായും പ്രതീക്ഷിക്കാം. ഞങ്ങൾ തമ്മിൽ കംഫർട്ടാണ്. അത് സ്ക്രീനിൽ കൊണ്ടുവരാൻ സാധിക്കും എന്നാണ് വിശ്വാസം. കുടുംബത്തിനൊപ്പം വർക്ക് ചെയ്യുമ്പോൾ അതിന്റെ സുഖവും രസവും കെമിസ്ട്രി യും വേറെയാണല്ലോ. പരസ്പരം ഞങ്ങൾ വിമർശിക്കാറുണ്ട്. ഇന്നോ നാളെയോ സംഭവിച്ചില്ലെങ്കിലും ഷിഹാന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന സിനിമ ഉണ്ടാകും.
ഷിഹാൻ: യു ട്യൂബിനുവേണ്ടി ചെയ്തതാണ് ഡെഡ് ലൈൻ. എന്നാൽ ഒൗട്ട് പുട്ട് നന്നായി. അങ്ങനെയാണ് കാനിൽ അയയ്ക്കുന്നത്. ഡെഡ് ലൈൻ മാത്രമല്ല, എന്റെ പരീക്ഷണ ഹ്രസ്വ ചിത്രങ്ങളിൽ എല്ലാം ഇഷാൻ അഭിനയിച്ചു. കുറെ പാഠങ്ങൾ പഠിപ്പിച്ചു കാൻസ്. അതെല്ലാം ചത്താപച്ച ചെയ്തപ്പോൾ പ്രയോജനം ചെയ്തു. ഇല്ലായിരുന്നെങ്കിൽ റീൽ വേൾഡ് എന്റർടെയ്ൻമെന്റ്സ് ഉണ്ടാകില്ല. കാനിൽ നിന്ന് ലഭിച്ച നിർമ്മാതാവ് പങ്കാളിയുമായാണ് റീൽ വേൾഡ് എന്റർടെയ്ൻമെന്റ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |