SignIn
Kerala Kaumudi Online
Sunday, 25 January 2026 4.25 AM IST

കൈവിട്ട വാക്കും വകതിരിവും

Increase Font Size Decrease Font Size Print Page
s

രണ്ടാം പിണറായി സർക്കാരിലെ വളരെ ഊർജ്ജസ്വലരായ മന്ത്രിമാരിൽ ഒരാളാണ് ആലപ്പുഴയിൽ നിന്നുള്ള സജിചെറിയാൻ. അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുള്ള വകുപ്പുകളൊക്കെ ഒരുവിധം തെറ്റില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്.പക്ഷെ ഒരു കുഴപ്പം മാത്രം ,​ നേരവും കാലവും പൂജാ സമയവുമൊന്നും നോക്കാതെ അദ്ദേഹത്തിന്റെ നാവിൽ വികടസരസ്വതി ചിലപ്പോൾ നൃത്തം വയ്ക്കും. അതാവട്ടെ എന്തെങ്കിലും ഒരു വിവാദത്തിൽ ചെന്നെത്തുകയും ചെയ്യും. വർഗീയ ധ്രുവീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നാവ് നടത്തിയ വിളയാട്ടമാണ് ഒടുവിലത്തെ വിവാദം. അതങ്ങ് വല്ലാതെ കേറി കൊള്ളുകയും ചെയ്തു. പന്തികേട് മനസിലാക്കിയ സജി ചെറിയാൻ രാഷ്ട്രീയക്കാരന്റെ സ്വതസിദ്ധമായ മെയ് വഴക്കത്തോടെ വിവാദത്തിൽ നിന്നു തലയൂരിയെങ്കിലും വിവാദം വീണ്ടും സജീവമാക്കിയിരിക്കുകയാണ് . മുൻ മന്ത്രിയും സി.പി.എമ്മിന്റെ അഭിമാന മുഖങ്ങളിലൊരാളുമായ ജി.സുധാകരൻ നടത്തിയ ഒരു നിർദ്ദോഷ പരാമർശമാണ് സജിയുടെ നാക്കുപിഴയ്ക്ക് വീണ്ടും ലൈഫ് നൽകിയത്.

മൂക്കാതെ പഴുത്തവരാണ് ഇത്തരം പരാമർശം നടത്തുന്നതെന്ന് ആരുടെയും പേരുപറഞ്ഞ് നോവിക്കാതെ സുധാകരൻ ഭംഗ്യന്തരേണ വ്യക്തമാക്കി. ഉത്തമനായ കമ്യൂണിസ്റ്രായ ജി.സുധാകരൻ എന്തെങ്കിലും പറഞ്ഞാൽ അതു കേൾക്കാനും മുഖവിലയ്ക്ക് എടുക്കാനും നിരവധി ജി ഫാൻസുകാരുണ്ട്. അടുത്ത നിയമസഭാ തിരിഞ്ഞെടുപ്പു വരെ വിവാദം നീട്ടിക്കൊണ്ടു പോകാനും ഇവർക്ക് സാധിക്കും.

വർഗീയ ധ്രുവീകരണം അറിയാൻ കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കണം എന്നായിരുന്നു സജി ചെറിയാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഒരു പ്രത്യേക സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ ആവേശതള്ളിച്ചയിൽ പറഞ്ഞുപോയി. 'നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മദ്ധ്യപ്രദേശുമാക്കാൻ നിൽക്കരുത്' എന്നൊക്കെയും അങ്ങ് തട്ടിവിട്ടു. സജിചെറിയാൻ ആളു പാവമാണ്. കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ ഒരു ഒഴുക്കിന് അങ്ങനെയങ്ങു വന്നു പോയി.

പക്ഷെ പാവം മന്ത്രി ഉദ്ദേശിച്ച കരഘോഷം ഈ പ്രസ്താവനയ്ക്ക് കിട്ടിയില്ല. ശിവൻകുട്ടി മിനിസ്റ്റർ ആദ്യം മന്ത്രി സജിചെറിയാനെ തിരുത്തി, പിന്നീട് സ്വയം തിരുത്തി. സജി പറഞ്ഞത് ശരിയെന്നോ തെറ്റെന്നോ എന്താണ് ശിവൻകുട്ടി ഉദ്ദേശിച്ചതെന്ന് അറിയാൻ പാഴൂർപടിക്കൽ പോകേണ്ട അവസ്ഥയുമായി. എന്തു കാര്യത്തെയും ബലാഗുളശാദി വാദം കൊണ്ട് ന്യായീകരിക്കാറുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പോലും സജി ചെറിയാനെ ന്യായീകരിച്ചില്ല, ഒട്ടു പിന്തുണച്ചുമില്ല.തിരിഞ്ഞും പിരിഞ്ഞും സജിചെറിയാൻ നോക്കിയിട്ടും ഒരു വിപ്ളവ കുരുന്നുപോലും തനിക്ക് പിന്തുണ നൽകുന്നില്ല. മറുവശത്താവട്ടെ , ചതുരവടിവ് വി.ഡി.സതീശനും കൂട്ടരും മന്ത്രിയെ വട്ടം ചുറ്റി ആക്രമിക്കാനും തുടങ്ങി. കിട്ടിയ അവസരം പാഴാക്കരുതല്ലോ. പ്രതിപക്ഷ നേതാവിന് പിന്നാലെ മതേതരത്വത്തിന് മുറിവേറ്റതിലുള്ള ചങ്കുപൊട്ടലുമായി ചെന്നിത്തല ഗാന്ധിയും മതേതരത്വത്തിന്റെ മുന്നണി പോരാളി എം.എം.ഹസനും കോൺഗ്രസിന്റെ നർമ്മകുലപതി കെ.മുരളീധരനുമെല്ലാം സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ചാറിൽ മുക്കിയ വാക്കുകളുമായി രംഗത്തു വന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് . സജി ചെറിയാന് പാർലമെന്ററി വ്യാമോഹമില്ലെങ്കിലും ചെങ്ങന്നൂർ അസംബ്ളി മണ്ഡലത്തിലെ ജനങ്ങൾക്ക് ലക്ഷണമൊത്ത ഒരു ജനപ്രതിനിധി നിയസഭയിൽ ഇല്ലാതെ വന്നാലുള്ള അവസ്ഥ അദ്ദേഹത്തിന് സങ്കൽപ്പിക്കാൻ പോലുമാവില്ല. പെട്ടിയിൽ പത്ത് വോട്ടു വീഴേണ്ട കാലത്ത് ലക്കും ലഗാനുമില്ലാതെ നാവിനെ അഴിച്ചു വിട്ടതിന്റെ ഭവിഷ്യത്തുകൾ ഉറ്റ മിത്രങ്ങൾ പറഞ്ഞു മനസിലാക്കിയതോടെയാണ് സജി ചെറിയാന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് വെളിപാടിന്റെ പുസ്തകം അദ്ദേഹം തുറന്നത്. പിന്നെ അമാന്തിച്ചില്ല, സാഷ്ടാംഗം വീണ് നിർവ്യാജ ഖേദപ്രകടനം നടത്തി അദ്ദേഹം സ്വയം പുണ്യാളനായി.

തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സത്യം കേൾവി ശക്തിയും കാഴ്ച ശക്തിയും തീർത്തും ശോഷിച്ചു പോയ ജനങ്ങളോട് അദ്ദേഹം ഉറക്കെ പറഞ്ഞു. 'ഒരു വിഭാഗത്തിനെതിരെ താൻ പറഞ്ഞെന്ന പ്രചാരണമുണ്ടായി. തന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ല.(ചങ്ക് പൊട്ടുന്ന ശബ്ദം പശ്ചാത്തലത്തിൽ). 42 വർഷത്തെ പൊതു ജീവിതം ഒരു വർഗീയയോടും സമരസപ്പെട്ടല്ല കടന്നു പോയത്. വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കി. താൻ പറഞ്ഞത് തെറ്റിദ്ധരിച്ച് തന്റെ ഉദ്ദേശ്യശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു, പ്രസ്താവന പിൻവലിക്കുന്നു'. മാദ്ധ്യമങ്ങൾക്ക് നൽകിയ കുറിമാനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം സവിസ്തരം പ്രതിപാദിച്ചത്.

2018ലെ മഹാ പ്രളയകാലത്താണ് മന്ത്രി അല്ലാതിരുന്ന സജി ചെറിയാന്റെ ചരിത്രപരമായ 'ആ നിലവിളി' ലോകം കേട്ടത്. പ്രളയദുരന്തത്തിൽപ്പെട്ടവരുടെ ദുരിതാവസ്ഥ വിളിച്ചുപറഞ്ഞ് വികാരപരമായി പെറുമാറിയത് അന്ന് ചെറിയ വിവാദമായിരുന്നു. മന്ത്രിയുടെ വികാരപ്രകടനത്തിൽ സർക്കാർ പോലും നടുങ്ങിപ്പോയി. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായ സജി ചെറിയാൻ 2022 ലാണ് പത്തനംതിട്ട മുല്ലപ്പള്ളിയിൽ തന്റെ പ്രസംഗത്തിനിടെ ഭരണഘടനയ്ക്കെതിരെ വരും വിധം കുന്തം കുടചക്രം പ്രയോഗം നടത്തിയത്. അതു പക്ഷെ ചെറിയ രീതിയിൽ തീർന്നില്ല. കേസും പുകിലുമൊക്കെയായി ഒടുവിൽ മന്ത്രി സ്ഥാനം തന്നെ രാജി വയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹം കൊണ്ട് മന്ത്രിസ്ഥാനം തിരികെ കിട്ടി. ഇങ്ങനെ ഒന്നിന് പിറകെ മറ്റൊന്നായി വിവാദങ്ങൾ വരുന്നത് ഒരു നല്ല രാഷ്ട്രീയ പ്രവർത്തകന് ഭൂഷണമാണോ എന്നതാണ് ചിന്തിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഓരോ വാക്കും പറയുമ്പോൾ നല്ല അവധാനത കാട്ടേണ്ടേ. ഇവിടെയാണ് ഉദ്ദേശ ശുദ്ധി എന്താണെങ്കിലും ജി.സുധാകരൻ പറഞ്ഞ'മൂക്കാതെ പഴുക്കുന്നതിന്റെ ' പ്രശ്നം ഉദിക്കുന്നത്.

ഇതു കൂടി കേൾക്കണേ

കൈവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്നാണല്ലോ പറയാറ്. ഓരോന്നും പറയും മുമ്പ് ഒന്നു ശ്രദ്ധിക്കുക, അത് ആവാമോ അല്ലയോ എന്ന്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.