
അടിച്ചമർത്തപ്പെട്ട ഒരു മഹാജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മഹാത്യാഗിയായ ഡോ. പി. പല്പുവിന്റെ 75-ാം അനുസ്മരണ വാർഷിക ദിനമാണ് ഇന്ന്. അവകാശങ്ങൾ വിവേചനമില്ലാതെ ജനങ്ങൾക്ക് നൽകുവാൻ ബാദ്ധ്യസ്ഥരായ ഭരണകൂടത്തോട് അത് ചോദിച്ചു വാങ്ങുക തന്നെ വേണമെന്ന് പ്രഖ്യാപിച്ച് ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടം നടത്തിയ ഡോ. പല്പു എക്കാലവും നമുക്ക് മാർഗദർശിയും വഴിവിളക്കുമാണ്.
പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും ഡോ. പല്പു തെളിച്ച പാതയിലൂടെ പ്രതിജ്ഞാബദ്ധരായി മുന്നോട്ടു നീങ്ങുകയാണ് നമ്മൾ. സാമൂഹ്യനീതി ചോദിക്കുമ്പോൾ ആക്ഷേപങ്ങൾ ചൊരിഞ്ഞ് അകറ്റിനിറുത്താനുള്ള ശ്രമം അന്നും ഇന്നും ഒരേപോലെ തുടരുകയാണ്. പക്ഷേ കാലിടറാതെ മുന്നോട്ട് പാേകാനുള്ള ആത്മബലം ഡോ. പി. പല്പു ഉൾപ്പെടെയുള്ള മഹാത്മാക്കൾ ഈ സമൂഹത്തിന് പകർന്നു നൽകിയിട്ടുണ്ടെന്ന യാഥാർത്ഥ്യം ആരും വിസ്മരിക്കരുത്.
തിരുവിതാംകൂർ ഭരണകൂടവുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളോട് നേരിട്ടും നിവേദനങ്ങളും വഴി സംവദിച്ച ഡോ. പല്പു മദ്രാസ് നിയമസഭയിലും ബ്രിട്ടീഷ് പാർലമെന്റിലും ഈഴവ പ്രശ്‌നം അവതരിപ്പിക്കുവാനുള്ള മാർഗങ്ങൾ തേടി. ഒരു ഒറ്റയാൾ പട്ടാളത്തെപ്പോലെ, സ്വന്തം സമ്പാദ്യം ചെലവഴിച്ച് നിരന്തരമായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ അനിതരസാധാരണമായിരുന്നു. തിരുവിതാംകൂറിലെ തദ്ദേശീയരുടെ ആവശ്യങ്ങൾ മഹാരാജാവിനെ അറിയിക്കുവാൻ നായർ, ഈഴവ, നമ്പൂതിരി, ലാറ്റിൻക്രിസ്ത്യൻ, സിറിയൻ ക്രിസ്ത്യൻ, ആംഗ്ലോഇന്ത്യൻ സമുദായങ്ങളിൽ നിന്നുമുള്ള 10038 പേർ ഒപ്പിട്ട 16 പേജ് വരുന്ന ഒരു മെമ്മോറാണ്ടം മലയാളി മെമ്മോറിയൽ തയ്യാറാക്കി 1891 ജനുവരിയിൽ സമർപ്പിച്ചു.
ഡോ.പല്പു മെമ്മോറാണ്ടത്തിൽ മൂന്നാമത് ഒപ്പുവച്ചു. സഹോദരനായ പി. പരമേശ്വരനും ഒപ്പുവച്ചിരുന്നു.അതിൽ ഈഴവരെക്കുറിച്ചു പ്രത്യേകം ഇങ്ങനെ പരാമർശിച്ചു. ''ഇതിനെ എല്ലാറ്റിനെയുംകാൾ കഷ്ടതരമായിട്ടുള്ളത് മാസം 5 രൂപയോ അതിനു മേലോ ശമ്പളമുള്ള ഒരു ഈഴവനെങ്കിലും തിരുവിതാംകൂർ ഗവൺമെന്റ് സർവീസിൽ ഇല്ലാത്തതാകുന്നു. ബുദ്ധിമാൻമാരും വിദ്യാഭ്യാസം ചെയ്തിട്ടുള്ളവരും ആയ ആളുകൾ അവരിൽ ഇല്ലാഞ്ഞിട്ടല്ല.""
എന്നാൽ അധികാര കേന്ദ്രങ്ങളുടെ മറുപടി നിരാശാജനകമായിരുന്നു.
''അവർ പൊതുവെ വിദ്യാഹീനരും സർക്കാർ ഉദ്യോഗത്തിനു അവരെ പ്രാപ്തന്മാരാക്കുന്ന വിദ്യാഭ്യാസത്തിനു പോകുന്നതിനെക്കാൾ അവരുടെ സ്വന്തം തൊഴിലുകളായ കൃഷി, കയറുപിരിപ്പ്, തെങ്ങുചെത്ത് മുതലായവയെക്കൊണ്ടു തൃപ്തിപ്പെട്ടിരിക്കുന്നവരും ആകുന്നു"" എന്നും അന്തസുള്ള സർക്കാരുദ്യോഗങ്ങൾക്ക് ഈഴവന്റെ സാമൂഹ്യസ്ഥിതി (ജാതി) പ്രതിബന്ധമാണെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
1891 ഫെബ്രുവരി 19ാം തീയതി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടെ ഒരു തീയൻ' എന്ന പേരിൽ ഡോ. പല്പു പ്രസിദ്ധീകരിച്ച കത്തിൽ ഇങ്ങനെ പറഞ്ഞു: ക്രിസ്തുമതത്തെ സ്വീകരിച്ച ദക്ഷിണ തിരുവിതാംകൂറിലുള്ള ചാന്നാന്മാരുടെ അവകാശങ്ങൾ ഗവൺമെന്റ് സമ്മതിച്ചിരിക്കുന്നു. ഞങ്ങൾ സംസ്ഥാനത്തിലേക്ക് അധികം നികുതി കൊടക്കുന്നവരാണ്. ഇപ്പോഴും ഹിന്ദുക്കളായിത്തന്നെ ഇരിക്കുന്നതിനാൽ ഞങ്ങളുടെ അവകാശങ്ങൾ വിസ്മൃതപ്രായങ്ങളായി തന്നെ കിടക്കുന്നു. പല്പുവിന്റെ കുടുംബം നേരിട്ട വിവേചനങ്ങളും വിവരിച്ചിരുന്നു.
ഈഴവരായതു കൊണ്ടു മാത്രം അവസരസമത്വം നിഷേധിക്കപ്പെട്ടവരായിരുന്നു അന്നത്തെ ഈഴവ കുടുംബങ്ങൾ. അതിലൊരു കുടുംബമായിരുന്നു ഡോ. പല്പുവിന്റേത്. മിഷണറി സ്‌കൂളിൽ പഠിച്ച് ഒരു സർക്കാർ ഉദ്യോഗം നേടുവാൻ ശ്രമിച്ച പല്പുവിന്റെ അച്ഛൻ തച്ചക്കുടിയിൽ ടി. പപ്പുവിനും മദ്രാസിൽ പോയി ഈഴവ സമുദായത്തിലെ ആദ്യ ബി.എ.ക്കാരനായി തിരിച്ചെത്തിയ ജ്യേഷ്ഠൻ പി. വേലായുധനും ഭരണകൂടം ജോലി നിഷേധിച്ചു. 1884ൽ മദ്രാസ് മെഡിക്കൽ കോളേജിൽ തിരുവിതാംകൂർ സർക്കാരിനു സംവരണം ചെയ്യപ്പെട്ട പത്ത് സീറ്റുകളിലേക്കു നടത്തിയ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച പല്പുവിനെയും ഈഴവനായിപ്പോയി എന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചു.
അമ്മയുടെ സ്വർണാഭരണങ്ങൾ വിറ്റും കടംവാങ്ങിയും പല്പു മദ്രാസിലെത്തി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1888ൽ എൽ.എം.എസ് എന്ന മെഡിക്കൽ ബിരുദമെടുത്ത പല്പു തിരുവിതാംകൂറിൽ ഒരു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു ഡോ. പല്പു റസിഡന്റിനു നിവേദനം നൽകി. കൊച്ചിയിലും തിരുവിതാംകൂറിലും ഡോ. പല്പുവിന് ഉദ്യോഗം തരപ്പെടുത്തുവാനുള്ള തന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു എന്നാണ് റസിഡന്റ് മറുപടി നൽകിയത്.
മലയാളി മെമ്മാേറിയലിന് ശേഷം സമ്മർദ്ദതന്ത്രത്തിന്റെ അടുത്ത പടിയെന്ന നിലയിൽ 1896 സെപ്തംബർ മൂന്നാം തീയതി 13176 ഈഴവർ ഒപ്പിട്ട ഒരു ഭീമഹർജി മഹാരാജാവിനു സമർപ്പിച്ചു. സ്‌കൂൾ പ്രവേശനവും സർക്കാർ സർവീസ് പ്രവേശനവുമാണ് ഈഴവ മെമ്മോറിയൽ മുഖ്യമായും ആവശ്യപ്പെട്ടിരുന്നത്. സർക്കാർ അവരുടെ വിവേചന നയങ്ങൾ തുടർന്നാൽ ഒന്നുകിൽ കൂട്ടത്തോടെ മതം മാറേണ്ടി വരും. അതല്ലെങ്കിൽ കൂട്ടത്തോടെ തിരുവിതാംകൂർ വിട്ടു പോകേണ്ടി വരും എന്ന സൂചനയും നൽകി. എല്ലാ ജാതിക്കാരെയും ഓരോ പള്ളിക്കൂടത്തിൽ ചേർത്തു പഠിപ്പിക്കുവാൻ ജാതിസമ്പ്രദായം അനുവദിക്കുന്നില്ല എന്ന് ദിവാൻ മറുപടിയിൽ ആവർത്തിച്ചു. എന്നാൽ
പല്പുവിന്റെ രാഷ്ട്രീയസമ്മർദ്ദങ്ങൾക്കു ഭാഗികമായ ഫലം ഉണ്ടായി. പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി നടത്തപ്പെടുന്ന സ്‌കൂളുകൾക്കു ഗ്രാന്റ് ഇൻ എയ്ഡ് കോഡ് 1895ൽ നടപ്പിലാക്കി. 1896ൽ ഗവൺമെന്റ് പതിനഞ്ചു സ്‌കൂളുകൾ പിന്നാക്ക വിഭാഗങ്ങൾക്കായി തുറന്നു. ഈഴവരുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ശാക്തീകരണം ജീവിതവ്രതമാക്കിയ പല്പുവിന്റെ അടുത്തശ്രമം അവരെ സംഘടനയിലൂടെ ശക്തരാക്കുക എന്നതായിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്നിധിയിൽ പല്പു എത്തി. പല്പുവിന്റെ ആശയങ്ങളും കർമ്മപരിപാടികളും ഗുരുവിന് ഇഷ്ടമായിരുന്നു.
1903 ജനുവരി ഏഴിന് അരുവിപ്പുറത്ത് എസ്.എൻ.ഡി.പിയോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ദീപം തെളിച്ച് തുടക്കം കുറിച്ചു. മേയ് 15ന് യോഗത്തിന് രജിസ്‌ട്രേഷൻ ലഭിച്ചു. ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഡോ.പല്പു ഉപാദ്ധ്യക്ഷനും, കുമാരനാശാൻ സെക്രട്ടറിയുമായി ശ്രീനാരായണധർമ്മപരിപാലന യോഗം പ്രവർത്തനം ആരംഭിച്ചു. 1904ൽ സ്ഥാപിതമായ ശ്രീമൂലം പ്രജാസഭയിൽ ഈഴവ ശബ്ദം ഉയരുവാൻ കാരണം ഡോ.പല്പുവായിരുന്നു സംഘടനകളിൽ നിന്നും പ്രതിനിധികളെ ദിവാന് നോമിനേറ്റു ചെയ്യാമെന്ന ശ്രീമൂലം പ്രജാസഭാ ചട്ടമനുസരിച്ചാണ് 1905ൽ കുമാരനാശാൻ സഭയിലെത്തിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും ഡോ. പി. പല്പു പോരാടി ഇല്ലാതാക്കാൻ ശ്രമിച്ച അസമത്വവും വിവേചനവും ഇന്നും നിൽക്കുന്നതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. പിന്നാക്ക അധഃസ്ഥിത സമൂഹത്തോടുള്ള അസഹിഷ്ണുത ഇന്നും തുടരുകയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. എസ്.എൻ.ഡി.പി യോഗം ഇതരജനവിഭാഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എതിരല്ല. സാമൂഹ്യനീതി ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ആ വാദത്തിൽ ഏതെങ്കിലും തരത്തിലുളള അനീതിയോ അന്യായമോ അധാർമ്മികതയോ ഇല്ലെന്ന് നിഷ്പക്ഷക്ഷമതികൾക്ക് കണ്ടെത്താൻ കഴിയും.
എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പങ്കാളിത്തം ലഭിക്കും വിധം സാമൂഹ്യനീതി നടപ്പിലാക്കണം എന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. വർഗീയതയെന്നും വിദ്വേഷമെന്നും പറഞ്ഞ് സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ തകർക്കാനുള്ള ശ്രമം വിലപ്പോവില്ല. അടിമച്ചമർത്തപ്പെട്ട ജനതയ്ക്ക് മാർഗദീപമായ
ആ ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |