
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് തുടക്കമായിരിക്കുകയാണ്.
2028-ൽ പൂർത്തിയാകുമ്പോൾ ഈ ഘട്ടത്തിന് മൊത്തം ചെലവ് 9700 കോടി രൂപയാകും. കണ്ടെയ്‌നർ കയറ്റുമതിയും റോഡ് മാർഗമുള്ള കണ്ടെയ്‌നർ നീക്കവും പൂർണമായും ഈ ഘട്ടത്തിൽ നടപ്പിലാവും.
രണ്ടാം ഘട്ടത്തിലെ ലിക്വിഡ് ടെർമിനൽ പൂർത്തിയാകുന്നതോടെ വൻ കപ്പലുകൾക്കും ഇന്ധനം നിറയ്ക്കാനാകും. റോഡ് വികസിക്കുന്നതോടെ സൂക്ഷിക്കാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം ഒരുലക്ഷമാകും. ക്രെയിനുകളുടെ എണ്ണം 100 ആകും. 800 മീറ്റർ ബർത്ത് എന്നത് രണ്ടുകിലോമീറ്ററാകും. പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററായി വർദ്ധിക്കും. വാർഷിക ചരക്ക് കൈമാറ്റ ശേഷി 10 ലക്ഷം ടി.ഇ.യുവിൽ നിന്ന് 50 ലക്ഷമായി ഉയരും.
രണ്ടാം ഘട്ട വികസനത്തിന് വേണ്ടി അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 55 ഹെക്ടർ ഭൂമി കടൽ നികത്തിയെടുക്കാനാണ് തീരുമാനമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. അതേസമയം ലോജിസ്റ്റിക്സ് സംവിധാനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ കിൻഫ്ര ഉൾപ്പെടെയുള്ള ഏജൻസികൾ തുടർന്നുവരികയാണ്. ഇതിനകം 50 ഹെക്ടർ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.
രണ്ടാം ഘട്ടത്തിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബർത്ത് തുറമുഖമായി മാറുന്നതായിരിക്കും. അതായത് ഒരേസമയം അഞ്ച് മദർഷിപ്പുകൾക്ക് വരെ വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. 28000 ടി.ഇ.യു വരെ ശേഷിയുള്ള അടുത്ത തലമുറ കപ്പലുകൾക്കും അടുക്കാൻ കഴിയും. രണ്ടാം ഘട്ടത്തിലാവും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. പുതിയ ഷിപ്പിംഗ് കമ്പനികളും ലോജിസ്റ്റിക്സ് കമ്പനികളും കടന്നുവരുന്നതോടെയാണിത്. അത് മുൻകൂട്ടി കണ്ട് അത്തരം തൊഴിലുകളുടെ കോഴ്സും മറ്റും തുടങ്ങുന്ന പരിശീലന കേന്ദ്രങ്ങൾ ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്.
റോഡ്, റെയിൽ കണക്‌റ്റിവിറ്റി പൂർത്തിയാകുന്നത് ഈ ഘട്ടത്തിലായതിനാൽ അതുമായി ബന്ധപ്പെട്ട ഹോട്ടലുകളുടെയും ബിസിനസ് കോംപ്ളെക്സുകളുടെയും നിർമ്മാണവും സ്വകാര്യ മേഖലയിൽ വലിയ ഉണർവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ക്രൂസ് ടെർമിനൽ കൂടി രണ്ടാം ഘട്ടത്തിൽ വരുന്നതോടെ വൻകിട യാത്രാകപ്പലുകൾക്ക് വിഴിഞ്ഞത്ത് വരാനാകും. ഇത് കേരളത്തിന്റെ ടൂറിസം രംഗത്തിന് വലിയ ഉണർവാകും പകർന്ന് നൽകുക. ലോക സഞ്ചാര ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളായി അടയാളപ്പെടുത്തിയിട്ടുള്ള കോവളത്തിന്റെയും വർക്കലയുടെയും കൂടുതൽ വികസനങ്ങൾക്കും രണ്ടാം ഘട്ടം വഴിവയ്ക്കുന്നതാണെന്ന് പ്രതീക്ഷിക്കാം.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഏറ്റവും വലിയ നികുതി വരുമാന സ്രോതസ്സായും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുന്നത് കേരളത്തിന്റെയും പ്രത്യേകിച്ച് തിരുവനന്തപുരം നഗരത്തിന്റെയും മുഖച്ഛായ തന്നെ മാറ്റാൻ ഇടയാക്കും.
ആദ്യഘട്ട അപ്രോച്ച് റോഡിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജോലികൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണനനൽകേണ്ടത്.
കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പുരോഗതി കൈവരിക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടുന്ന ഇച്ഛാശക്തി ശ്ളാഘനീയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
തുറമുഖ വകുപ്പു മന്ത്രി വി.എൻ.വാസവൻ, അദാനി ഗ്രൂപ്പ് അധികൃതർ, വിഴിഞ്ഞം ഇന്റർനാഷണൽ
സീ പോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ തുടങ്ങി തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന
എല്ലാവരെയും അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. പ്രതിബന്ധങ്ങൾ തകർത്ത് വിഴിഞ്ഞം
തുറമുഖം പുരോഗമിക്കുമ്പോൾ ,വിഴിഞ്ഞത്തിനു വേണ്ടി വാദിക്കുകയും ശക്തമായി നിലകൊള്ളുകയും ചെയ്തതിന്റെ ചാരിതാർത്ഥ്യം ഞങ്ങൾക്കുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |