
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടിയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പു വച്ചതായുള്ള മന്ത്രി പി. രാജീവിന്റെ അറിയിപ്പ് കേരളത്തിന്റെ വ്യവസായ പുരോഗതി ആഗ്രഹിക്കുന്ന ഏവരേയും ആഹ്ളാദിപ്പിക്കുന്നതാണ് . 14 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ളതാണ് താൽപര്യ പത്രങ്ങൾ. അമേരിക്ക, യു.കെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണിത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം ആകർഷിക്കുന്നത്.കഴിഞ്ഞ തവണ നമ്മൾ പങ്കെടുത്തുവെങ്കിലും കേരളത്തിന്റെ ശേഷിയെക്കുറിച്ചുള്ള ഒരു ചിത്രം ലോക രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാനേ കഴിഞ്ഞിരുന്നുള്ളു.എന്നാൽ ഇക്കുറി നിക്ഷേപങ്ങൾ ആകർഷിക്കാനായി
എന്നത് വലിയ നേട്ടം തന്നെയാണ്.
ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾക്കുള്ള രാംകി ഇൻഫ്രാസ്ട്രക്ചർ 6000 കോടി ,
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിസസ് റ്റൈനബിലിറ്റി 1000 കോടി , സാമ്പത്തിക സേവനങ്ങൾക്കുള്ള
ഇൻസ്റ്റ പേ സിനർജീസ് 100 കോടി എന്നിങ്ങനെ പോകുന്നു താത്പ്പര്യപത്രം ഒപ്പിട്ട കമ്പനികൾ. ബൈദ്യനാഥ് ബയോഫ്യുവൽസ് 1000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് 1000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് 10000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ 1300 കോടി, കാനിസ് ഇന്റർനാഷണൽ 2500 കോടി (എയ്രോസ്പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി 1000 കോടി (റിന്യൂവബിൾ എനർജി) എന്നിവയടക്കം 27 കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. 67കമ്പനികളുടെ പ്രതിനിധികളുമായി ദാവോസിലെത്തിയ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കേരളസംഘം മുഖാമുഖ ചർച്ച നടത്തി.മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താൽപര്യപത്രം .ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
ഉത്പ്പാദന മേഖലയിൽ പിന്നിൽ നിന്ന സംസ്ഥാനത്തെ മുന്നിലേക്ക് പടിപടിയായി കൊണ്ടുവരുന്നതിൽ സംസ്ഥാന
വ്യവസായ വകുപ്പ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.കഴിഞ്ഞ വർഷം കൊച്ചിയിൽ സംഘടിപ്പിച്ച
ഇൻവെസ്റ്റേഴ്സ് കേരള ഗ്ളോബൽ സമ്മിറ്റ് വൻ വിജയമായിരുന്നു.നിക്ഷേപ വാഗ്ദാനങ്ങളിൽ 23.16 ശതമാനം യഥാർത്ഥ നിക്ഷേപമായി പരിണമിച്ചു.സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ഗ്ളോബൽ സമ്മിറ്റിലൂടെ ലോകത്തെ ബോദ്ധ്യപ്പെടുത്താനായി എന്നതാണ് ദാവോസിൽ ഫലം കൊയ്യാൻ അവസരമൊരുക്കിയത്. ഓരോ നിക്ഷേപ താൽപ്പര്യ പത്രങ്ങൾക്കും ആവശ്യമായ പരിഗണന ലഭിച്ചാലേ അവ യഥാർത്ഥ നിക്ഷേപമായി മാറുകയുള്ളു.അതിനുള്ള ശ്രമങ്ങൾ ഇൻവെസ്റ്റേഴ്സ് മീറ്റിനെ തുടർന്നുണ്ടായിരുന്നു.കേരളം വ്യവസായത്തിനു
പണം മുടക്കാൻ പറ്റിയ നാടല്ലെന്ന പേരുദോഷം മാറ്റിയെടുക്കാനായി എന്നതാണ് ഒരർത്ഥത്തിൽ ഏറ്റവും വലിയ
നേട്ടം. വ്യവസായം തുടങ്ങിയാൽ അവിടെ കൊടികുത്തി സമരമെന്ന പഴി ഏറെക്കുറെ മാറിയിട്ടുണ്ട്.അക്കാര്യത്തിൽ തൊഴിലാളി സംഘടനകളും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല.
കേരളത്തിനാവശ്യം വികസനമാണ്. വിവാദങ്ങളല്ല. ഇവിടുത്തെ കുട്ടികൾ ഇവിടെത്തന്നെ പഠിച്ചുവളർന്ന് ഇവിടെത്തന്നെ അവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭ്യമാകുന്ന നിലയിലേക്ക് കേരളം മാറണം.അതിലേക്കുള്ള ഒരു
ചുവടുവയ്പ്പായി ദാവോസിൽ കൈവരിച്ച നേട്ടത്തെ കാണാം. മന്ത്രി പി.രാജീവിനും ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |