മഞ്ചേരി: മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് വേതനം കൂട്ടാൻ ആശുപത്രി വികസന സമിതി തീരുമാനിച്ചു. 10 വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർക്ക് ദിവസം 100 രൂപയും അല്ലാത്തവർക്ക് 50 രൂപയും വർദ്ധിപ്പിക്കും. ഈ മാസം മുതൽ പ്രാബല്യം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
നാമമാത്രമായ വേതനം ലഭിക്കുന്ന നാനൂറോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2019 ലാണ് മുൻപ് വേതനം കൂട്ടിയത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ചായിരിക്കും വേതനം നൽകുക. ആശുപത്രിയുടെ ദൈനംദിനം പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാത്ത രീതിയിലായിരിക്കും വേതനവിതരണം. മാസം 10 ലക്ഷത്തോളം രൂപ അധിക ബാധ്യത ഉണ്ടാകും. സർക്കാരിൽ നിന്ന് യഥാസമയം സഹായം ലഭിച്ചാൽ അതും ആശുപത്രി സേവനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് ഈ തുക കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ആശുപത്രി സേവനങ്ങൾക്ക് ആറു മാസം മുൻപ് വേതനം വർദ്ധിപ്പിച്ചിരുന്നു.
ജീവനക്കാരുടെ വേതനം പലപ്പോഴും കുടിശികയാണ്. വേതനം വൈകുന്നതിനെതിരെ ജീവനക്കാർ നേരത്തെ പ്രതിഷേധം നടത്തുകയും ചെയ്തിട്ടുണ്ട്. നാമമാത്ര വർദ്ധനയാണെങ്കിലും യഥാസമയം വർദ്ധിപ്പിച്ച തുക ഉൾപ്പെടെ വേതനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആശുപത്രി ലാബിൽ നടത്താത്ത ടെസ്റ്റുകൾ എച്ച്.എൽ.എല്ലിനു നൽകാൻ ധാരണയായിട്ടുണ്ട്. മെഡിക്കൽ കോളജിന്റെ റോഡ് വികസനം സംബന്ധിച്ച സാങ്കേതിക തടസ്സം കലക്ടറുമായി ചർച്ച ചെയ്യും. റോഡ് വികസനത്തിനു യു.എ.ലത്തീഫ് എംഎൽഎ 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആശുപതിയുടെ മതിൽ പൊളിച്ച് സ്ഥലം വിട്ടു നൽ കാൻ സർക്കാരിന്റെ അനുമി വേണ്ടമെന്നതാണ് തടസ്സമാകുന്നത്. 2019 ൽ സർക്കാർ അനുമതി ലഭിച്ചതാണ്. റോഡ് വീതി കൂട്ടണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.
യു.എ.ലത്തീഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, പ്രിൻസിപ്പൽ ഡോ.കെ.കെ.അനിൽ രാജ്, സൂപ്രണ്ട് ഡോ.പ്രഭുദാസ്, വി.എം.ഷൗക്കത്ത്, എഡിഎം ദേവകി, യാസർ, സബാഹ് പുൽപറ്റ, വി. പി. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |