മലപ്പുറം: അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ ന്യൂട്രീമിക്സ് യൂണിറ്റുകൾക്ക് സർക്കാരിൽ നിന്നുള്ള കുടിശ്ശിക 1.87 കോടി രൂപ. ഒരുകിലോ അമൃതം പൊടിയ്ക്ക് 70 രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കേണ്ടത്. ഈ തുക പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. അതുകൊണ്ട് തന്നെ ജില്ലയിലെ പല ന്യൂട്രീമിക്സ് യൂണിറ്റുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലയിൽ 42 ന്യൂട്രീമിക്സ് യൂണിറ്റുകളാണുള്ളത്. കുട്ടികൾക്കുള്ള പോഷകാഹാരം മുടങ്ങരുതെന്ന കാരണം കൊണ്ടാണ് ജോലിയിൽ തുടരുന്നതെന്നാണ് പലരും പറയുന്നത്. മാത്രമല്ല, അമൃതം പൊടി നിർമ്മിക്കുന്നതിനുള്ള ചേരുവകളുടെ വില കുത്തനെ ഉയർന്നിട്ടും എട്ട് വർഷമായി അമൃതം പൊടിയുടെ വില കൂട്ടി നൽകാൻ സർക്കാർ തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഗോതമ്പ് ഐ.സി.ഡി.എസ് വഴി വിലക്കുറവിൽ ലഭിക്കുന്നതാണ് ഏക ആശ്വാസം. മറ്റുള്ളവയെല്ലാം പൊതുവിപണിയിൽ നിന്ന് വാങ്ങണം. ഗോതമ്പും സോയാബീനും പരിപ്പും നിലക്കടലയും പഞ്ചസാരയും ചേർത്താണ് അമൃതം പൊടിയുണ്ടാക്കുന്നത്. 2017നെ അപേക്ഷിച്ച് സാധനങ്ങളുടെ വില 40 ശതമാനം വരെ ഉയർന്നിട്ടും എട്ട് വർഷമായി അമൃതം പൊടിയുടെ വില കൂട്ടി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. മിക്ക യൂണിറ്റുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്കുള്ള കൂലി, വൈദ്യുതി ചാർജ്, കയറ്റിറക്ക് കൂലി, അങ്കണവാടികളിലേക്ക് അമൃതം പൊടിയെത്തിക്കുന്നതിനുള്ള ഗതാഗത ചെലവ് എല്ലാം കിട്ടുന്ന ലാഭത്തിൽ നിന്നാണ് വഹിക്കേണ്ടത്. കൂടാതെ, മൂന്ന് മാസം കൂടുമ്പോൾ എറണാകുളത്തെ ഫുഡ് അനാലിസിസ് ലാബിൽ കൊണ്ടുപോയി പരിശോധിക്കാനുള്ള ചെലവ് വേറെ. വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വിതരണം കുടുംബശ്രീയെ ഏൽപ്പിച്ചത്. ജില്ലയിലെ ന്യൂട്രീമിക്സ് യൂണിറ്റുകൾ - 42 2017ലാണ് അവസാനമായി വില പുതുക്കിയത്. അതുവരെ 56 രൂപയായിരുന്നു. കുട്ടികൾക്കുള്ള പോഷകാഹാരമായതിനാലാണ് പലരും നഷ്ടത്തിലാണെങ്കിലും ഇപ്പോഴും മേഖലയിൽ തുടരുന്നത്. ഉമ്മുസൽമ, സ്റ്റേറ്റ് കൺസോർഷ്യം പ്രസിഡൻറ് , ന്യൂട്രീമിക്സ് കമ്മിറ്റി മുൻ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |