
തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവാവ് മരിച്ചസംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലംകോണം സ്വദേശി ബിസ്‌മീറാണ് (37) മരിച്ചത്. ജനുവരി 19നായിരുന്നു ദാരുണ സംഭവം. യുവാവ് ആശുപത്രിയിലെത്തിയതിന്റെയും ശ്വാസതടസം നേരിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവാവിനെ ഭാര്യ ജാസ്മിൻ സ്കൂട്ടറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ജാസ്മിൻ പലതവണ ആശുപത്രിക്കുള്ളിൽ പോയിട്ടും ഒരാളുപോലും ചികിത്സ നൽകാനായി എത്തിയിട്ടില്ലയെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.13 വയസുമുതൽ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളുള്ള ആളാണ് ബിസ്മീർ. അതേസമയം, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്നിരുന്നുവെന്നും എന്നാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വാതിൽ അടഞ്ഞാണ് കിടന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുള്ളവർ എത്രയും വേഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാനാണ് ജാസ്‌മിനോട് പറഞ്ഞത്. ആശുപത്രിയിലെത്തിക്കും മുൻപേ യുവാവ് മരിച്ചിരുന്നു. അതേസമയം, കുടുംബാരോഗ്യകേന്ദ്രത്തിൽ നൽകാൻ സാധിക്കുന്ന ചികിത്സകളെല്ലാം നൽകിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡോക്ടറുടെ സേവനം ലഭ്യമാക്കി, ഓക്സിജൻ സപ്പോർട്ടും നെബുലൈസേഷനും ഇൻഞ്ചക്ഷനും നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ യുവാവിന്റെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ്. ആവി പിടിക്കാൻ നിർദേശിക്കുക മാത്രമാണ് ആശുപത്രി ജീവനക്കാർ ചെയ്തതെന്നും ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ നൽകിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |