കോഴിക്കോട്: കൂടത്തായിയിൽ ആറു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിമുറുക്കുമ്പോൾ ജോളിയേയും മറ്റ് രണ്ടുപേരെയും കൂടാതെ ആരൊക്കെ കുടുങ്ങും? കേരളക്കരയാകെ ഉന്നയിക്കുന്ന സംശയമാണിത്. നിലവിൽ പൊന്നാമറ്റത്തെ മരുമകൾ ജോളിയാണ് കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൊലപാതകങ്ങളുടെയെല്ലാം കാരണങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നതും. എൻ.ഐ.ടിയിൽ അദ്ധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 14 വർഷത്തോളം നടന്ന ജോളി, സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനും തന്റെ സുഖകരമായ ജീവിതത്തിനുമാണ് ഓരോരുത്തരെയായി വകവരുത്തിയതെന്നാണ് ഇതുവരെയുള്ള അന്വേഷണം തെളിയിക്കുന്നത്. ഇനി അറിയേണ്ടത് ഓരോ കൊലപാതകങ്ങൾക്കും ആരുടെയെങ്കിലും സഹായം ജോളിക്ക് ലഭിച്ചോ എന്നതാണ്.
ഇതിൽ ഒരു കൊലപാതകത്തിൽ മാത്രമാണ് പോസ്റ്റുമോർട്ടം നടത്തി വിഷാംശം ഉള്ളിൽചെന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത്- ജോളിയുടെ ഭർത്താവ് റോയി തോമസിന്റേത് മാത്രം. അതുകൊണ്ടുതന്നെ ഈ കേസിൽ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളതും. ജോളിയെ കൂടാതെ ഇവർക്ക് സയനൈഡ് ലഭ്യമാക്കാൻ സഹായിച്ച എം.എസ് മാത്യു, സ്വർണപ്പണിക്കാരൻ പ്രജി കുമാർ എന്നിവരും അറസ്റ്റിലായിരുന്നു. എന്നാൽ, മറ്റ് കൊലപാതകങ്ങളും ജോളി, താൻ നടത്തിയതാണെന്ന് സമ്മതിച്ചതിനാൽ ഇതിലെല്ലാം വ്യത്യസ്ത കേസുകളെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
റോയിയുടെ മരണത്തിന് ശേഷം ജോളി, റോയിയുടെ പിതൃസഹോദര പുത്രനായ ഷാജു സക്കറിയയെ വിവാഹം ചെയ്തു കഴിയുമ്പോഴാണ് കേസുണ്ടാകുന്നത്. ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെയും ജോളി സയനൈഡ് നല്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുമ്പോൾ ഇവരുടെ വിവാഹവും സംശയത്തിന്റെ നിഴലിലായി. എന്നാൽ, ഈ രണ്ടുപേരും ജോളിയുടെ നീക്കത്തിൽ സംശയം തോന്നുന്നുവെന്നാണ് വെളിപ്പെടുത്തിയത്. അതേസമയം, സിലിയുടെയും ആൽഫൈന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തുന്നതിനെ ആരെങ്കിലും എതിർത്തിട്ടുണ്ടോ..? അക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസണാണ് ഇവരുമായി ഏറെ അടുപ്പമുണ്ടായിരുന്ന മറ്റൊരാൾ. ജോളിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇയാളുമായുള്ള ബന്ധം കണ്ടെത്തിയത്. ബി.എസ്.എൻ.എൽ ജീവനക്കാരനായ ഇയാളുമായാണ് ജോളി കൂടുതൽ നേരം ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂരിൽ പലപ്രാവശ്യമായി ജോളി ഇയാളെ കാണാൻ പോയിട്ടുമുണ്ട്.
സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖകൾ സമ്പാദിക്കാൻ ജോളിയെ സഹായിച്ചവരാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യംചെയ്തിട്ടുള്ള മറ്റുള്ളവർ. എന്നാൽ, ഇവരെയൊക്കെ മാറ്റിനിർത്തി കൊലപാതകത്തിന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഓട്ടത്തിലാണ് അന്വേഷണസംഘം. സയനൈഡ് ഉപയോഗിക്കാനുൾപ്പെടെ ജോളി സ്വയം പഠിച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞത്. 14 വർഷത്തോളം ഒരു നാട്ടിലാകെ എൻ.ഐ.ടി അദ്ധ്യാപികയാണെന്ന് പറഞ്ഞ് കബളിപ്പിക്കാൻ കഴിഞ്ഞ ഇവർക്ക് ഇതിനും കഴിയുമെന്നാണ് പറയുന്നത്. എന്നാൽ, ഇതിനെ കുറിച്ച് മറ്റാർക്കും അറിവുണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നില്ല. ഇതാണ് ഇക്കാര്യത്തിൽ സംശയത്തിന് കാരണവും. അതിനാൽ, ഒരുപക്ഷേ, കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |