തിരുവനന്തപുരം: കേരളമാകെ ഞെട്ടിത്തരിച്ച കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണം അതീവ ദുഷ്കരമായിരിക്കെ മാപ്പുസാക്ഷിയുടെ സാന്നിദ്ധ്യം കേസിൽ നിർണായകമാകുമെന്ന് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. കേസിന്റെ അന്വേഷണ പുരോഗതിയും തെളിവുശേഖരണവും വിലയിരുത്തി 'ഫ്ളാഷി'നോട് ജേക്കബ് പുന്നൂസ് സംസാരിക്കുന്നു:
കെ.ജി. സൈമൻ മിടുമിടുക്കൻ
വർഷങ്ങളുടെ പഴക്കവും ഇടവേളകളുമുണ്ടായ കൂടത്തായി കൂട്ടക്കൊലപാതകക്കേസ് കണ്ടുപിടിച്ചത് തന്നെ കേരള പൊലീസിന് വലിയ ക്രെഡിറ്റാണ്. സാധാരണ ഗതിയിൽ അടുത്ത ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മൊഴികളോ പരാതികളോ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം കേസുകൾ തെളിയിക്കപ്പെടുക ദുഷ്കരമാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികളെ വിശ്വസിക്കാനേ ഇത്തരം കേസുകളിൽ പൊലീസിന് കഴിയൂ. തൂങ്ങിമരണം പോലുള്ള കേസുകളാണെങ്കിൽ ചെറിയ സൂചനകൾ ലഭിച്ചെന്നിരിക്കും. കൂടത്തായിയിൽ പലതിലും പോസ്റ്റുമോർട്ടം പരിശോധനകൾ നടന്നിട്ടില്ല. റോയിയുടെ മരണത്തിൽ പോസ്റ്റുമോർട്ടം നടന്നെങ്കിലും മൃതദേഹം കാണപ്പെട്ടത് അടച്ചിട്ട ബാത്ത് റൂമിലായതിനാൽ അതിലും കാര്യമായ സംശയം ആർക്കുമുണ്ടായില്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾക്കിടയിലും പൊലീസിന് കൊലപാതകം കണ്ടുപിടിക്കാനായത് ഗംഭീരമാണ്. അന്വേഷണത്തിന് നേതൃത്വം നൽകിയ വടകര റൂറൽ എസ്.പി കെ.ജി സൈമൺ അന്വേഷണ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥനാണ്. യാതൊരു തുമ്പുമില്ലാത്ത ഏഴെട്ട് കേസുകൾ ഞാൻ സർവീസിലുണ്ടായിരുന്ന സമയത്ത് സൈമൺ തെളിയിച്ചിട്ടുണ്ട്. ചെറിയ തെളിവുകളിലൂടെ കൂടുതൽ സമയമെടുത്ത് കേസുകൾ അന്വേഷിച്ച് തെളിയിച്ച സൈമണിന്റെ പരിചയവും അനുഭവ സമ്പത്തും ഈ കേസിലും സഹായകമാകും.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ നിയമ വ്യവസ്ഥയിൽ കൂടത്തായിപോലെ വർഷങ്ങൾ പഴക്കമുള്ള കൊലപാതക പരമ്പരകൾ തെളിയിക്കുന്നത് പൊലീസിന് വെല്ലുവിളിയാണ്. പൊലീസ് പറയുന്നതും പൊലീസിനോട് പറയുന്നതും തെളിവായി പലപ്പോഴും കോടതികൾ മുഖവിലയ്ക്കെടുക്കാറില്ല. കുറ്റകൃത്യങ്ങൾക്കെല്ലാം സമകാലിക സാക്ഷികളും സാഹചര്യത്തെളിവുകളും വേണം. കൊലപാതകത്തിന്റെ ആസൂത്രണത്തിലോ നടപ്പാക്കിയതിലോ മറ്റാരുടെയെങ്കിലും സാന്നിദ്ധ്യമുണ്ടായോ എന്നത് നിർണായകമാണ്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ മാപ്പുസാക്ഷിയാക്കിയാൽ കൊലപാതകത്തിനൊപ്പം കേസിന്റെ ഗൂഢാലോചനയും ലക്ഷ്യവും തെളിയിക്കപ്പെടാം. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് ലഭ്യമാക്കിയ രണ്ടുപേരെ പൊലീസ് കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. മൊഴികളും മറ്റ് തെളിവുകളും കണക്കിലെടുത്ത് മാപ്പുസാക്ഷിയാക്കാൻ കഴിയുന്ന ഒരാളെ അന്വേഷണസംഘത്തിന് കണ്ടെത്താവുന്നതേയുള്ളൂ.
കുറ്റവാളികൾക്ക് വലിയ താക്കീത്
ജോളിയെപ്പോലെ നിശബ്ദയായിരുന്ന് കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകുന്നവർക്കുള്ള താക്കീതാണ് കൂടത്തായി കൂട്ടക്കൊലപാതക കേസും അറസ്റ്റും. എത്ര ഗോപ്യമായി കുറ്റകൃത്യം ചെയ്താലും കാലങ്ങൾ കഴിഞ്ഞാൽപോലും കണ്ടുപിടിക്കപ്പെടുമെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനായത് കുറ്റവാളികൾക്കുള്ള താക്കീത് കൂടിയാണ്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. ഓരോ കേസും വ്യത്യസ്ത ടീമുകൾ അന്വേഷിക്കുന്നത് വിശദമായ അന്വേഷണത്തിനൊപ്പം കൂടുതൽ തെളിവുകൾ കണ്ടെത്താനും സഹായകമാണ്. ഏറെ ദുർഘടമായ പാതയാണ് പിന്നിടേണ്ടി വരുന്നതെന്ന് ബോദ്ധ്യപ്പെട്ടിട്ടും കാൽ പിന്നോട്ട് വലിക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പൊലീസ് ടീമിന് അഭിനന്ദനം.
നിർണായകമാകുന്ന മറ്റ് തെളിവുകൾ
കൊലപാതക രീതി, തുടർകൊലപാതകങ്ങൾ
ഓരോ കൊലപാതകത്തിന്റെയും ലക്ഷ്യം, അവയുടെ സാക്ഷാത്കരണം
ഓരോ മരണങ്ങളിലും ജോളിയുടെ സാന്നിദ്ധ്യം
സയനൈഡിന്റെ ലഭ്യത, അത് നൽകിയ കൂട്ടുപ്രതികളുടെ കുറ്റസമ്മതം
പൊന്നാമറ്റത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയത് സയനൈഡാണെന്ന് സ്ഥിരീകരിച്ചാൽ അതും തെളിവ്.
ജോളിയുടെ ഇരട്ട വ്യക്തിത്വം, എൻ.ഐ.ടി ജീവനക്കാരിയായി വേഷം കെട്ടൽ
തുടർ കൊലപാതകങ്ങൾ നടത്തിയ ജോളിയുടെ മനോവൈകൃതം, വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടാൻ ശ്രമിച്ചത്.
വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട് അപ്രത്യക്ഷമായത്
കുടുംബാംഗമായ റോജോയുടെ മൊഴിയും പക്കലുള്ള തെളിവുകളും
റോയിയെ കൊലപ്പെടുത്തിയശേഷം ഷാജുവിനെ ജോളി വിവാഹം ചെയ്തത്
ഷാജുവിനെയും ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസന്റെ ഭാര്യയേയും വധിക്കാൻ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തൽ
കൂടത്തായിയിലെ തുടർ മരണങ്ങൾ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ രേഖകൾ
ഡോക്ടർമാരുടെയും കല്ലറയും മറ്റും പരിശോധിച്ച ശാസ്ത്രീയ വിദഗ്ദ്ധരുടെയും മൊഴികൾ
റോയിയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി.
സയനൈഡ് വാങ്ങിയതുൾപ്പെടെ ജോളി അടക്കം നടത്തിയ പണമിടപാടുകൾ
വെല്ലുവിളികൾ
റോയിയുടേത് ഒഴികെ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം, രാസപരിശോധനകളുടെ അസാന്നിദ്ധ്യം
ദൃക്‌സാക്ഷികളുടെ അഭാവം
ഫിസിക്കൽ തെളിവുകളില്ലാത്തത്.
മാത്യുവിന്റെ മൃതദേഹം കാണപ്പെട്ട ബാത്ത് റൂമും അകത്ത് നിന്ന് അടച്ചിരുന്നത്
ആത്മഹത്യയാണെന്ന നിലയിൽ ആദ്യസംഘം അന്വേഷണം അവസാനിപ്പിച്ചത്
കുടുംബ കല്ലറകളുടെ നവീകരണം തെളിവുകൾ ഇല്ലാതാക്കിയത്
ഫോൺകോളുകളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള സൈബർ തെളിവുകൾ സമാഹരിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ
സാക്ഷിമൊഴികൾക്കനുസരിച്ച് കോടതി മുമ്പാകെ സംശയലേശമന്യേ ഹാജരാക്കാൻ കഴിയുന്ന ഡയറിക്കുറിപ്പുകൾ, ഇരകളുടെ ആരുടെയെങ്കിലും കത്തുകൾ, സംഭാഷണങ്ങൾ തുടങ്ങിയ തെളിവുകളുടെ സമാഹരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |