
1976 ജനുവരി 25,ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഓക്‌ലാൻഡിൽ വെച്ച് ആദ്യ ടെസ്റ്റ് കളിക്കുന്നു. ഈ മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റ്സ്മാൻ സുരീന്ദർ അമർനാഥ് സെഞ്ച്വറി നേടി. തന്റെ കന്നി ടെസ്റ്റിൽ ആയിരുന്നു സുരീന്ദർ അമർനാഥിന്റെ സെഞ്ച്വറി പിറന്നത്. സുരീന്ദർ അമർനാഥിന്റെ പിതാവ് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ്താരമായ ലാലാ അമർനാഥ് 1933 ഡിസംബർ 17 ന് തന്റെ കന്നി ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയിരുന്നു. ഓക്‌ലാൻഡിൽ സുരീന്ദർ അമർനാഥ് സെഞ്ച്വറി നേടിയതോട് കൂടി ക്രിക്കറ്റിലെ ഒരപൂർവ്വ റെക്കാർഡ് പിറന്നു. കന്നി ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടുന്ന അച്ഛനും മകനുമായി ലാലാ അമർനാഥും സുരീന്ദർ അമർനാഥും മാറി.
1933 ഡിസംബർ 17 ന് ഇംഗ്ലണ്ടിനെതിരെ ബോംബെയിൽ വെച്ചാണ് തന്റെ കന്നി ടെസ്റ്റിൽ ലാലാഅമർനാഥ് സെഞ്ച്വറി നേടിയത്. ലാലാ അമർനാഥിന്റെ സ്‌കോർ 118 . ഒരു ടെസ്റ്റിൽ ഇന്ത്യൻ കളിക്കാരൻ നേടുന്ന ആദ്യത്തെ സെഞ്ച്വറി ആയിരുന്നു ഇത്. 185 മിനിട്ടിൽ 21 ബൗണ്ടറികളോട് കൂടിയാണ് ലാലാ അമർനാഥ് തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. പക്ഷേ ലാലാ അമർനാഥ് സെഞ്ച്വറി നേടിയിട്ടും ഇന്ത്യ ടെസ്റ്റ് ഇംഗ്ലണ്ടിനോട് 9 വിക്കറ്റിന് പരാജയപ്പെട്ടു.
ലാലാ അമർനാഥിനും മകൻ സുരീന്ദർ അമർനാഥിനും ടെസ്റ്റിൽ തങ്ങളുടെ കഴിവിന് ഒത്തുള്ള പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞില്ല. രണ്ട് പേരും ടെസ്റ്റിൽ നേടിയത് കന്നി സെഞ്ച്വറികൾ മാത്രമാണ്. ലാലാ അമർനാഥ് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മൂന്ന് ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഭാവി വെട്ടിച്ചുരുക്കിയത് വിനാശകരമായ രണ്ടാം ലോകയുദ്ധമായിരുന്നു.
1947-48 ൽ ഇന്ത്യ ഓസ്ത്രേലിയ സന്ദർശിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് ലാലാ അമർനാഥ് ആയിരുന്നു. അതായത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ക്യാപ്ടനാണ് ലാലാ അമർനാഥ്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഒരു പരമ്പര വിജയം നേടിയപ്പോഴും ക്യാപ്ടൻ ലാലാ അമർനാഥായിരുന്നു. 1951-52 കാലത്ത് ഇന്ത്യ സന്ദർശിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ലാലാ അമർനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 2-1 ന് തോൽപ്പിച്ച് പരമ്പര നേടി.
സുരീന്ദർ അമർനാഥിനെ കൂടാതെ രണ്ട് മക്കൾ കൂടെ ലാലാ അമർനാഥിനുണ്ടായിരുന്നു. മൊഹീന്ദർ അമർനാഥും രജീന്ദർ അമർനാഥും. ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് മൊഹീന്ദർ അമർനാഥ്. 1982-83 കാലത്ത് ഇമ്രാൻ ഖാൻ, സർഫ്രാസ് നവാസ്, ഇക്ബാൽ കാസിം എന്നിവർ ഉൾപ്പെട്ട പാക്കിസ്ഥാൻ ടീമിനെതിരെയും,റോബർട്ട്സ്, ഹോൾഡിംഗ്, മാർഷൽ, ഗാർണർ ഉൾപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെതിരെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് മൊഹീന്ദർ അമർനാഥ് പുറത്തെടുത്തത്.
കൂടാതെ 1983 ലോഡ്സിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ ഫൈനലിലും സെമിഫൈനലിലും മാൻ ഓഫ് ദി മാച്ച് മൊഹീന്ദർ അമര്‍നാഥായിരുന്നു
എന്നാല്‍ രജീന്ദർ അമർനാഥിന് മൊഹീന്ദർ അമർനാഥിനെപ്പോലെയോ സുരീന്ദർഅമർനാഥിനെപ്പോലെയോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഒരന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല.
24 ടെസ്റ്റുകൾ കളിച്ച ലാലാ അമർനാഥ് നേടിയത് 878 റൺസാണ്. 43 വിക്കറ്റുകളും നേടി. എന്നാൽ അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റി പതിനായിരത്തിലധികം റൺസും അഞ്ഞൂറിലേറെ വിക്കറ്റും നേടാനായി.
സുരീന്ദർ അമർനാഥിന്റെ കന്നി സെഞ്ചറിക്ക് ശേഷമുള്ള രണ്ട് മികച്ച പ്രകടനങ്ങളിൽ ഒന്ന് ബാംഗ്ലൂരിൽ ഇംഗ്ലണ്ടിനെതിരെ 1976-77 പരമ്പരയിൽ നേടിയ അർദ്ധസെഞ്ച്വറിയും 1978 ൽ പാക്കിസ്ഥാനെതിരെ പാക്കിസ്ഥാനിൽ വെച്ച് നേടിയ അർദ്ധസെഞ്ച്വറിയുമായിരുന്നു.
ക്രിക്കറ്റിൽ എല്ലാ റെക്കാഡുകളും തകർപ്പെടാനുള്ളതാണ്. എന്നാൽ 1976 ജനുവരി 25 ന് ഓക്ലാൻഡിലെ മൈതാനത്ത് പിറന്ന അച്ഛനും മകനും അവരവരുടെ കന്നി ടെസ്റ്റിൽ സെഞ്ച്വറി നേടുക എന്നറെക്കാഡ് 50 വർഷമായിട്ടും തകർക്കപ്പെടാതെ കിടക്കുന്നു. ഇനി തകർക്കപ്പെടാനുള്ള സാധ്യതകളും വളരെ കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |