
മൂന്നാം ട്വന്റി-20യിൽ 8 വിക്കറ്റ് വിജയം, പരമ്പരയിൽ ഇന്ത്യ 3-0ത്തിന് മുന്നിൽ
ന്യൂസിലാൻഡ് 153/9, ജസ്പ്രീത് ബുംറയ്ക്ക് മൂന്ന് വിക്കറ്റ്
ഇന്ത്യ 155/5 , അഭിഷേകിനും(68) സൂര്യയ്ക്കും(57) അർദ്ധസെഞ്ച്വറി
ഗോഹട്ടി : ന്യൂസിലാൻഡിന് എതിരായ മൂന്നാം ട്വന്റി-20 മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ അഞ്ചു മത്സര പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ഇന്നലെ ഗോഹട്ടിയിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ഗോഹട്ടിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 153 റൺസ് നേടിയപ്പോൾ പത്തോവറുകളും എട്ടു വിക്കറ്റുകളും ബാക്കിനിറുത്തി ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ അഭിഷേക് ശർമ്മയും (20 പന്തുകളിൽ ഏഴുഫോറും അഞ്ചുസിക്സുമടക്കം 68 റൺസ്) നായകൻ സൂര്യകുമാർ യാദവും (26 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 57 റൺസ്), 13 പന്തുകളിൽ 28 റൺസ് നേടിയ ഇഷാൻ കിഷനും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. സൂര്യയുടെയും അഭിഷേകിന്റെയും പരമ്പരയിലെ രണ്ടാം അർദ്ധസെഞ്ച്വറിയാണിത്. സൂര്യ കഴിഞ്ഞമത്സരത്തിലും അഭിഷേക് ആദ്യമത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയിരുന്നു.
നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം നേടിയ ഹാർദിക് പാണ്ഡ്യയും രവി ബിഷ്ണോയ്‌യും ചേർന്നാണ് ചേർന്നാണ് കിവീസിനെ 153/9ൽഒതുക്കിയത്. 40 പന്തുകളിൽ 48 റൺസ് നേടിയ ഗ്ളെൻ ഫിലിപ്പ്സാണ് കിവീസ് നിരയിൽ ടോപ്സ്കോററായത്.
ഹർഷിത് റാണ എറിഞ്ഞ ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ പിന്നോട്ടോടി ഡൈവ് ചെയ്ത് തകർപ്പനൊരു ക്യാച്ചിലൂടെ ഹാർദിക് പാണ്ഡ്യ ഡെവോൺ കോൺവേയ്‌യെ (1) മടക്കി അയച്ചത് കിവീസിന് ഇരുട്ടടിയായി. തൊട്ടുപിന്നാലെ രണ്ടാം ഓവറിൽ രചിൻ രവീന്ദ്രയെ(4) ഹാർദിക് രവി ബിഷ്ണോയ്‌യുടെ കയ്യിലെത്തിച്ചു. ഇതോടെ കിവീസ് 13/2 എന്ന നിലയിലായി. കഴിഞ്ഞകളിയിലെ വിശ്രമം കഴിഞ്ഞെത്തിയ ബുംറ ആറാം ഓവറിൽ ടിം സീഫർട്ടിനെ (12) ബൗൾഡാക്കിയാണ് തുടങ്ങിയത്. ഗ്ളെൻ ഫിലിപ്പ്സും മാർക്ക് ചാപ്പ്മാനും (32) ചേർന്ന് ന്യൂസിലാൻഡിനെ മുന്നോട്ടുനയിച്ചെങ്കിലും 12-ാം ഓവറിൽ ചാപ്പ്മാനെ സഞ്ജുവിന്റെ കയ്യിലെത്തിച്ച് ബിഷ്ണോയ് സഖ്യം പൊളിച്ചു. ഫിലിപ്പ്സിനെയും ബിഷ്ണോയ് ആണ് പുറത്താക്കിയത്. ഡാരിൽ മിച്ചൽ (14) ഹാർദിക്കിന് ഇരയായപ്പോൾ മിച്ചൽ സാന്റ്നർ(27), കൈൽ ജാമീസൺ (3) എന്നിവരെ ബുംറ വീഴ്ത്തി.
സഞ്ജു ഗോൾഡൻ ഡക്ക്
തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു. ഇന്നലെയും ഓപ്പണറായിറങ്ങിയ സഞ്ജു നേരിട്ട ആദ്യപന്തിൽതന്നെ ബൗൾഡാവുകയായിരുന്നു. ഹെൻറിയായിരുന്നു ബൗളർ. കഴിഞ്ഞകളിയിലും ഹെൻറിയാണ് സഞ്ജുവിന്റെ അന്തകനായത്. ആദ്യമത്സരത്തിൽ10 റൺസും രണ്ടാം മത്സരത്തിൽ ആറുറൺസുമാണ് സഞ്ജു നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |