
തിരുവനന്തപുരം: ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും രാഷ്ട്രീയ അന്തരീക്ഷത്തെയും ശരിയായ ദിശയിലേക്ക് നയിച്ച നിർഭയനായ ഉജ്ജ്വല വാഗ്മിയായിരുന്നു സുകുമാർ അഴീക്കോടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 14-ാം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക കേരളത്തിന്റെ കാവലാളായിരുന്നു അഴീക്കോട്. ഭരണകർത്താക്കൾപോലും പച്ചയായി വർഗ്ഗീയത വിളമ്പുന്ന ഇക്കാലത്ത് അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും പരിവർത്തനത്തിന്റെ പ്രകാശം ചൊരിഞ്ഞ സാംസ്കാരികനായകനാണ് അഴീക്കോടെന്ന് ഡോ.ഇന്ദ്രബാബു മുഖ്യപ്രഭാഷണത്തിൽ അനുസ്മരിച്ചു.
ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. വിലമതിക്കാനാവാത്ത സൗഹൃദമാണ് അഴീക്കോടുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ.വി.ആർ.ജയറാം രോഗികൾക്ക് സഹായധനം വിതരണം ചെയ്തു. ഡോ.ജി.വി.ഹരി,പനവിള രാജശേഖരൻ,ജി.വി.ദാസ്,ദിനേശ് നായർ എന്നിവർ സംസാരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് എൻ.കെ.പ്രേമചന്ദ്രൻ മെമെന്റോ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |