
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച കാര്യങ്ങൾക്കെല്ലാം 2022ൽ തന്നെ തീരുമാനം എടുത്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കെതിരായ അജണ്ടകൾ യാദൃശ്ചികമല്ല. ഉന്നയിച്ച കാര്യങ്ങൾക്ക് 2022ൽ തന്നെ തീരുമാനം എടുത്തിരുന്നു. ജില്ലാ കമ്മിറ്റി അംഗമായതിന് ശേഷവും ചില വിഷയങ്ങൾ ഉന്നയിച്ചു. ടിഐ മധുസൂദനനെ കുഞ്ഞിക്കൃഷ്ണൻ വ്യക്തിപരമായി അധിക്ഷേപിച്ചു. തെറ്റായ കാര്യങ്ങൾ ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് ശരിയല്ലെന്നും കെകെ രാഗേഷ് കൂട്ടിച്ചേർത്തു.
പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദത്തിന് തുടക്കമിട്ടത്. പാർട്ടി നേതൃത്വത്തിന് പലതവണ തെളിവുകളുൾപ്പെടെ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും 2011ലെ തിരഞ്ഞെടുപ്പ് കണക്കിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
എന്നാൽ പുറത്താക്കൽ നടപടി പ്രതീക്ഷിച്ചതാണ്. പാർട്ടിക്കകത്ത് അമ്പത് വർഷമായി പ്രവർത്തിച്ചുവരുന്നുവെങ്കിലും ഇതിനകത്ത് നടക്കുന്ന അപചയങ്ങളെ തുറന്നുകാട്ടാതെ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുന്നോട്ടുപോവാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ഒരിക്കിലും സംഭവിക്കരുതെന്ന് വിശ്വസിച്ച കാര്യങ്ങൾ സംഭവിച്ചതിനാലാണ് എല്ലാം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |