
കൽപ്പറ്റ (വയനാട്): കൽപ്പറ്റ മെസ് ഹൗസ് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച്
പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നുപേർ പിടിയിൽ. ഇതിൽ കൽപ്പറ്റ സ്വദേശി മുഹമ്മദ് നാഫിയുടെ (18) അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. സംഭവത്തിനുശേഷം നാഫി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിച്ചിരുന്നു. അവിടെവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്നു പേർ ചേർന്ന് 16കാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് പ്രായപൂർത്തിയാകാത്തവരെ അടക്കം പിടികൂടിയത്. പൂർവ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് സൂചന.
നാഫിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ഇയാൾ ഒരു വർഷം മുമ്പും കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. ഇതിലും കേസെടുത്തു.
കണിയാമ്പറ്റയിൽ
14കാരന് ക്രൂര മർദ്ദനം
വയനാട് കണിയാമ്പറ്റയിൽ 14 വയസുകാരനെ നേരത്തെ സഹപാഠിയായിരുന്ന വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ ദിവസം കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിനു സമീപത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. മർദ്ദിച്ച വിദ്യാർത്ഥിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. മുട്ടിൽ ഡബ്ല്യു.എം.ഒ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് 14കാരൻ. മുള്ളുവേലിയിലേക്ക് കിടത്തി ചവിട്ടുകയും തലയ്ക്കടിക്കുകയും ചെയ്‌തെന്ന് 14കാരൻ പറയുന്നു. പ്രാണരക്ഷാർത്ഥം ഓടി വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ യൂണിഫോം അടക്കം വലിച്ചു കീറിയെന്നും കഴുത്തിനും നെഞ്ചിനും പരുക്കേറ്റെന്നും വിദ്യാർത്ഥിയുടെ മാതാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |