
കോഴിക്കോട് സ്വദേശിക്കായി അന്വേഷണം
കൊച്ചി: അടിയന്തര കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട രോഗിയിൽ നിന്ന്, ദാതാവിനെ എത്തിക്കാമെന്ന് ഉറപ്പുനൽകി പണം തട്ടിയ ഇടനിലക്കാരനായി അന്വേഷണം. കോഴിക്കോട് സ്വദേശിയായ മദ്ധ്യവയസ്‌ക്കനായാണ് കൊച്ചി സിറ്റി പൊലീസിന്റെ തെരച്ചിൽ. ഇയാൾ അവയവക്കച്ചവട റാക്കറ്റിലെ കണ്ണിയാണോയെന്ന സംശയമുണ്ട്. ആലപ്പുഴ സ്വദേശിയായ രോഗിയുടെ ഭാര്യയുടെ പരാതിയിലാണ് നടപടി. ഇടനിലക്കാരൻ കബളിപ്പിച്ചതോടെ ആരോഗ്യനില മോശമായ രോഗിക്ക് അടുത്ത ബന്ധു കരൾ പകുത്തുനൽകി.
റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനായ 50കാരന് കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഗുരുതര കരൾരോഗം കണ്ടെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു പ്രതിവിധി. ഈ ഘട്ടത്തിൽ ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട കോഴിക്കോട് സ്വദേശി, ദാതാവിനെ എത്തിക്കാമെന്ന് ഉറപ്പുനൽകി. 26 ലക്ഷം രൂപ നൽകിയാൽ മാത്രമേ കരൾ ദാതാവിനെ കിട്ടുകയുള്ളൂവെന്ന് ഇയാൾ വിശ്വസിപ്പിച്ചു. മറ്റ് മാർഗങ്ങളെല്ലാം അടഞ്ഞ കുടുംബം പണം നൽകാൻ സന്നദ്ധത അറിയിച്ചു.
ഒരുലക്ഷത്തോളം രൂപ കൈക്കലാക്കി
കൊച്ചിയിലെ മാളിലേക്ക് കുടുംബാംഗങ്ങളെ വിളിച്ചുവരുത്തിയായിരുന്നു കോഴിക്കോട് സ്വദേശി അവയവ ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിച്ചിരുന്നത്. ദാതാവിനെ കൊണ്ടുവരുന്നതിനായി മേയ് പകുതിയോടെ രണ്ടുഘട്ടമായി ഒരുലക്ഷത്തോളം രൂപ രോഗിയുടെ അക്കൗണ്ടിൽ നിന്ന് ഇയാൾ കൈക്കലാക്കി. വൈകാതെ ദാതാവുമായി എത്താമെന്നും കൃത്യസമയത്ത് സർജറി നടത്താനാകുമെന്നും ഉറപ്പുനൽകി. എന്നാൽ പിന്നീടിയാളെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് കുടുംബം തിരിച്ചറിഞ്ഞത്.
ഇയാൾക്ക് പിന്നിൽ
മറ്റാരെങ്കിലുമുണ്ടോ?
അസുഖം മൂർച്ചിച്ചതിനെ തുടർന്ന് രോഗിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏറെ നാൾ കഴിഞ്ഞാണ് കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. രോഗി നിലവിൽ ആരോഗ്യവാനാണെന്ന് പൊലീസ് പറയുന്നു. അവയവമാറ്റത്തെ തുടർന്നുള്ള ചികിത്സയുമായി ബന്ധപ്പെട്ട തിരക്കായതാണ് പരാതി വൈകാൻ കാരണം. പ്രതിയെ പിടികൂടിയാൽ മാത്രമേ ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ, സംഘടിത തട്ടിപ്പാണോയെന്നെല്ലാം തിരിച്ചറിയാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |