
കുന്നത്തുകാൽ: മലയോര മേഖലയിൽ കവർച്ചാസംഘങ്ങൾ വിലസുന്നു. മാസങ്ങളായി തുടരുന്ന മോഷണങ്ങളിൽ പൊലീസിന് പ്രതികളെ പിടികൂടാനാകുന്നില്ലെന്ന ആക്ഷേപമുണ്ട്. പ്രധാനമായും സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. ഇവയിലധികവും കെ.എസ്.ആർ.ടി.സി ബസിനുള്ളിലും കവലകളിലുമാണ്. ബസിനുള്ളിലും മാർക്കറ്റിലും തിക്കും തിരക്കുമുണ്ടാക്കുന്ന സംഘം ഞൊടിയിടയിൽ ആഭരണങ്ങൾ കവർന്ന് കടന്നുകളയും. വെള്ളറട പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ ഇരുപതിലധികം കവർച്ചകളാണ് നടന്നത്.
കുന്നത്തുകാലിനു സമീപം കൂനൻപന മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബസിൽ കയറിയ മണിവിള സ്വദേശി ലീലയുടെ മാല മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ബസിൽ യാത്ര ചെയ്യുകയായിരുന്ന പാറശാല സ്വദേശിനി വിജയലക്ഷ്മി(58)യുടെ മൊബൈൽ ഫോണും പണവും ഉൾപ്പെടെ കവർന്ന മൂന്നംഗ തമിഴ് സ്ത്രീസംഘം നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.
മോഷണം വ്യാപകം
വ്യാപാര സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങൾ മാസങ്ങളായി തുടരുകയാണ്. രണ്ടാഴ്ച മുൻപ് കുന്നത്തുകാലിലെ സൂപ്പർമാർക്കറ്റിൽ മോഷണശ്രമത്തിനിടെ കാൽവഴുതിവീണ അസാം സ്വദേശിക്ക് തലയ്ക്ക് പരിക്കേറ്റ് മരണമടഞ്ഞിരുന്നു. കാരക്കോണത്തെ സ്റ്റോർ കടയിൽ നിന്ന് 40കിലോ റബർഷീറ്റും പതിനായിരം രൂപയും ദിവസങ്ങൾക്ക് മുമ്പാണ് കവർന്നത്.
പട്രോളിംഗ് ശക്തിപ്പെടുത്തണം
മോഷ്ടാക്കൾ സി.സി.ടിവികളുൾപ്പെടെ കവരുകയാണ്. പൂട്ടിക്കിടക്കുന്ന വീടുകളിൽ സ്വർണ്ണാഭരണങ്ങൾ കവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടാറുണ്ടെങ്കിലും അലമാരകലും വാതിലുകളും തകർക്കപ്പെടുന്നതിലൂടെ വീട്ടുടമകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകാറുണ്ട്.പ്രതികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്നും രാത്രി പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |