
കൊടുങ്ങല്ലൂർ : തീരത്തോട് ചേർന്ന് കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ സംഘം പിടികൂടി. തീരക്കടലിൽ അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തും ചേറ്റുവ അഴിമുഖത്തിന് തെക്ക് ഭാഗത്തും അനധികൃതമായി രാത്രികാല കരവലി നടത്തിയ ബോട്ടുകളാണ് പിടികൂടിയത്. തീരത്ത് നിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂവെന്ന സംസ്ഥാന സർക്കാരിന്റെ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് ട്രോളിംഗ് നടത്തിയ 4 ബോട്ടുകളാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം മാല്യങ്കര സ്വദേശികളായ അമിത്ത് പ്രകാശ്, എം.പി.ജോഷി, നിധീഷ്, എൻ.പി.ജോണി എന്നിവരുടെ ഉടമസ്ഥതയിലുള്ള സമൃദ്ധി, ഓറിയോൺ, എയ്ഗർ, കരുണ എന്നീ ബോട്ടുകളാണ് മിന്നൽ കോമ്പിംഗിൽ സംയുക്ത സംഘം പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴിക്കോട്, മുനയ്ക്കകടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച 1,71,200 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും നാല് ബോട്ടുകൾക്ക് 2.5 ലക്ഷം രൂപ വീതം 10 ലക്ഷം പിഴ ഈടാക്കുകയും ചെയ്തു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ഗ്രേസിയുടെയും അഴീക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സി.രമേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക രാത്രികാല കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം.ഷൈബു, ഇ.ആർ.ഷിനിൽകുമാർ, അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ സംനാഗോപൻ, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ: എം.ആർ.സജീവൻ, സ്രാങ്ക് ജിൻസൺ, മറൈൻ ഹോം ഗാർഡ് വിബിൻ, റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ്, നിഖിൽ, പ്രസാദ്, ഫസൽ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |