
ദുബായ്: കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ശശി തരൂർ എംപിയെ ഇടതു പക്ഷത്തെത്തിക്കാൻ ദുബായിൽ ചർച്ചകൾ നടന്നുവെന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായി വഴിയാണ് സിപിഎം തരൂരുമായി ചർച്ച നടത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് യൂസഫലിയുടെ പ്രതികരണം.
ദുബായിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശയാത്രയ്ക്കിടയിലാണ് ഇത്തരം റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. തനിക്ക് പ്രത്യേക രാഷ്ട്രീയ മോഹങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ കരുതലോടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇത്തരം വാർത്തകൾ വരുമ്പോൾ താൻ വിമാനത്തിലായിരുന്നുവെന്നും ദുബായിൽ എത്തിയ ശേഷമാണ് വിവരമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിദേശമണ്ണിൽ വച്ച് രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് തരൂർ സ്വീകരിച്ചത്. കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്ത്' പരിപാടിയിൽ രാഹുൽ ഗാന്ധി തരൂരിനെ അവഗണിച്ചതിൽ അതൃപ്തനാണെന്നും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |