* കുട്ടിയെ ആരോ കബളിപ്പിച്ചിരുന്നതായി സംശയം
* പൊലീസ് അന്വേഷണം തുടങ്ങി
കോലഞ്ചേരി: സ്കൂളിലേക്കുപോയ പെൺകുട്ടിയുടെ മൃതദേഹം ശാസ്താംമുകളിലെ കരിങ്കൽ ക്വാറിയിൽ കണ്ടെത്തി. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് പ്രാഥമികസൂചന.
ഇന്നലെ രാവിലെ 9 മണിയോടെ ക്വാറിയുടെ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂൾ ബാഗ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്സ് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്. രാവിലെ 7.45ന് വീട്ടിൽനിന്ന് സ്കൂളിലേക്ക് പോകാനായി ഇറങ്ങിയ പെൺകുട്ടി 100 മീറ്റർ അകലെയുള്ള ക്വാറിയിൽ ചാടുകയായിരുന്നുവെന്ന് കരുതുന്നു. കൊറിയൻ ബാൻഡിലെ അംഗമെന്ന് സുഹൃത്ത് പരിചയപ്പെടുത്തിയ ഒരാളുമായി കുട്ടി നിരന്തരം ചാറ്റ് ചെയ്തിരുന്നുവത്രെ. ഇയാൾ ഒരാഴ്ചമുമ്പ് മരിച്ചതായി പറയുന്നു. ഇംഗ്ളീഷിലും കൊറിയൻ ഭാഷയിലുമടക്കം പെൺകുട്ടി തയ്യാറാക്കിയ രണ്ടരപ്പേജുള്ള ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്ന് ചോറ്റാനിക്കര പൊലീസ് കണ്ടെടുത്തു. കൊറിയൻഭാഷ പൊലീസ് പരിഭാഷപ്പെടുത്തിയിരുന്നു. സുഹൃത്തിനോടുള്ള ആത്മത്യാഗമാണ് മരണകാരണമെന്നും അത്രയേറെ വിഷമമുണ്ടെന്നുമാണ് കുറിപ്പിലുള്ളത്.
അതേസമയം കുട്ടി കബളിപ്പിക്കപ്പെട്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. തുറന്ന് പരിശോധിച്ചാലേ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കിട്ടുകയുള്ളു.
രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തി ഭക്ഷണം കഴിച്ച ശേഷമാണ് സ്കൂളിലേക്ക് പോയത്. ചോറ്റാനിക്കര പൊലീസ് മൃതദേഹം പുറത്തെടുത്തു. കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മാതാവ്: രമ്യ. സംസ്കാരം നടത്തി.
പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |