
തിരുവനന്തപുരം: പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.എൽ.എ ടി.ഐ. മധുസൂദനന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്ത കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ മർദ്ദിച്ചതിനെച്ചൊല്ലിയുള്ള അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ, നിയമസഭയിൽ ബഹളം. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സമരത്തിനിടെയുണ്ടായ മർദ്ദനം സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതെന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചപ്പോൾ, അതിനുള്ള ഗൗരവം ഈ വിഷയത്തിന് ഇല്ലെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീറിന്റെ മറുപടി. സ്പീക്കർ അടുത്ത നടപടിയിലിലേക്ക് കടന്നതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ വേദിയിലേക്ക് കയറാതിരിക്കാൻ വനിതകളടക്കം വാച്ച് ആൻഡ് വാർഡും നിലയുറപ്പിച്ചു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നായിരുന്നു എം.എൽ.എയുടെ
ഓഫീസിലേക്ക് മാർച്ച്.. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ ചർച്ച വേണ്ടെന്നാണ് സ്പീക്കറുടെ നിലപാടെന്ന് സതീശൻ പറഞ്ഞു. 15 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭയിൽ നിന്നിറങ്ങിപ്പോയി.
എം.എൽ.എയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നെന്ന് വി.ഡി.സതീശൻ പറഞ്ഞു. എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരെ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി.സ്വർണക്കൊള്ളക്കേസിൽ ജയിലിലായ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിലെ കൊള്ള പുറത്തു പറഞ്ഞയാൾക്കെതിരെ നടപടിയെടുത്തതെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |