
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സൂചനാ സമരങ്ങൾ ഫലം കാണാതെയായതോടെ തെരുവിലിറങ്ങി മെഡിക്കൽ കോളേജ് ഡോക്ടർമാർ. കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ വൈകിട്ട് ആറുവരെ ഡോ. ഗോപകുമാർ,ഡോ. വിപിൻ.ബി.പള്ളത്ത് എന്നിവർ നിരാഹാരമിരുന്നു. കൂടാതെ ഒ.പിയും അടിയന്തിരമല്ലാത്ത മറ്റു ചികിത്സാ സേവനങ്ങളും ബഹിഷ്‌കരിച്ച് ഡോക്ടർമാർ സെക്രട്ടേറിയേറ്റ് ധർണയും നടത്തി. ധർണയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം. ടി നിർവഹിച്ചു. ഇന്നു മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലാണ് റിലേ നിരാഹാര സമരം. ഡോക്ടർസ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി ജനറൽ സെക്രട്ടറി ഡോ. ശാന്തി സമരത്തിന് പിന്തുണമായി ചെന്നൈയിൽ നിന്നെത്തി. കെ.ജി.എം.സി.ടി.എ മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.ബിനോയ്,ഡോ.കവിത രവി,ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ.ആർ.സി.ശ്രീകുമാർ,കെ.ജി.എം.ഒ.എ മുൻ പ്രസിഡന്റ് ഡോ.വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ഫെബ്രുവരി 2 മുതൽ അനിശ്ചിതകാല അദ്ധ്യാപന ബഹിഷ്‌കരണത്തോടൊപ്പം ഒ.പി. ബഹിഷ്‌കരണവും ആരംഭിക്കുമെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |