കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ, വീണ്ടും സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ ഇറക്കിയതിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ നടപടികളെ ചോദ്യം ചെയ്യുന്ന ഹർജിയിൽ, ഇനി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നവംബറിൽ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെതിരെയാണ് മലപ്പുറം സ്വദേശി അബ്ദുൾ വാഹിദ് ഉപഹർജി നൽകിയത്. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസാണ് ഹർജി പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടെന്നും സർക്കാരിനെതിരെ കോടതിഅലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.
അനർട്ടിലെ താത്കാലിക
നിയമനങ്ങൾ തടഞ്ഞു
പൊതുമേഖലാ സ്ഥാപനമായ അനർട്ടിലെ ഇനിയുള്ള താത്കാലിക നിയമനങ്ങൾ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാടുള്ളൂവെന്ന് മറ്റൊരു ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. അനർട്ടിൽ ചട്ടങ്ങൾ മറികടന്ന് നിയമനം നടത്തുന്നതായി ആരോപിച്ച്, എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർ ഫയൽ ചെയ്ത ഹർജിയിലാണ് ഇടക്കാല ഉത്തരവ്. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |