
കണ്ണൂർ: പിതാവിന് സുഖമില്ലെന്ന് കാട്ടി അടിയന്തര പരോളിലിറങ്ങിയ ആൾ നിയമം ലംഘിച്ച് സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ പ്രതിയായ സിപിഎം കൗൺസിലർ വി കെ നിഷാദാണ് പ്രകടനത്തിൽ പങ്കെടുത്തത്. പരോൾ കാലത്ത് യാതൊരു വിധ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചാണ് ഇന്നലെ വി കുഞ്ഞികൃഷ്‌ണനെതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിൽ നിഷാദ് പങ്കെടുത്തത്.
അച്ഛന്റെ കാൽമുട്ടിന് ശസ്‌ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് ഇയാൾ പരോൾ നേടിയത്. പ്രതിഷേധപ്രകടനത്തിൽ സജീവമായി പങ്കെടുത്ത ശേഷം വൈകുന്നേരത്തോടെ കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചുകയറുകയായിരുന്നു. നിഷാദ് പ്രകടനത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയാണ് പൊലീസിനു നേരെ ബോംബെറിഞ്ഞത്. നവംബറിലാണ് കോടതി ഇയാൾക്ക് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതിനിടെ തദ്ദേശതിരഞ്ഞടുപ്പിൽ ജയിലിൽ കിടന്ന് മത്സരിച്ച ഇയാൾ പയ്യന്നൂർ നഗരസഭാ കൗൺസിലറായി വിജയിക്കുകയും ചെയ്‌തു. ഡിസംബർ 26നാണ് നിഷാദ് ജാമ്യത്തിലിറങ്ങിയത്. കോടതി ശിക്ഷ വിധിച്ച് ഒരു മാസം കഴിഞ്ഞയുടൻ ഇയാൾ പരോളിലിറങ്ങിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് പരോൾ ചട്ടം ലംഘിച്ച് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. സ്വാഭാവിക നടപടികളുടെ ഭാഗമാണ് നിഷാദിന്റെ ജാമ്യമെന്നായിരുന്നു ജയിൽ വകുപ്പിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |