
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 66 പവൻ,മോട്ടോർ ബൈക്കുകൾ,മൊബൈൽ ഫോൺ തുടങ്ങിയവ മോഷ്ടിച്ച പ്രതിയെ പിടികൂടി. കല്ലിയൂർ കാക്കാമൂല നെടിഞ്ഞൽ സിന്ധു നിലയത്തിൽ ശ്രീകാന്തിനെയാണ് (40) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കിള്ളിപ്പാലത്ത് നിന്ന് ബിജു എന്നയാളിന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.ഇക്കഴിഞ്ഞ ഡിസംബർ 24നാണ് കിള്ളിപ്പാലത്തു നിന്ന് ബൈക്ക് മോഷ്ടിച്ചത്.സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കണ്ടെത്തിയ പൊലീസ് 26ന് കല്ലിയൂരിലെ വീട്ടിൽ നിന്ന് സാഹസികമായാണ് പിടികൂടിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് കവർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മോഷ്ടിക്കുകയും അതുപയോഗിച്ച് രാത്രിയിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് ആഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. കാട്ടാക്കട,മാറനല്ലൂർ സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ മോഷണങ്ങളും നടത്തിയത്. ഇയാളിൽ നിന്ന് 66 പവന്റെ ആഭരണങ്ങൾ,2 മൊബൈൽ ഫോൺ,67,000 രൂപ,1 ബൈക്ക് എന്നിവ പിടിച്ചെടുത്തു.
ഇയാൾക്കെതിരെ നേമം,തമ്പാനൂർ,ഫോർട്ട്,കരമന,പൂന്തുറ,വലിയതുറ,കാഞ്ഞിരംകുളം,വിളപ്പിൽശാല,കാട്ടാക്കട,കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 26 മോഷണക്കേസുകളും നിലവിലുണ്ട്.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ബിനുകുമാറിന്റെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്‌പെക്ടർ എസ്.ബി.പ്രവീൺ,എസ്.ഐമാരായ അനു.എസ്.നായർ,സുജോ ജോർജ്ജ് ആന്റണി,സി.പി.ഒമാരായ സുനിൽകുമാർ,ഗിരീഷ്,സന്ദീപ്,വിജയകിരൺ,ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |