SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

'വേദനയുടെ നാളുകൾ കഴിഞ്ഞു, വരാനിരിക്കുന്നത് മനോഹരനിമിഷങ്ങൾ'; മകൾക്ക് പിറന്നാൾ ആശംസയുമായി റഹ്മാൻ

Increase Font Size Decrease Font Size Print Page
rahman

മകളുടെ മുപ്പതാം ജന്മദിനത്തിൽ വൈകാരികമായ കുറിപ്പുമായി മലയാളികളുടെ പ്രിയതാരം റഹ്മാൻ. ജീവിതത്തിലെ പ്രയാസ ഘട്ടങ്ങളെ കരുത്തോടെ അതിജീവിച്ച മകളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം മകളെ ഓർത്ത് അഭിമാനിക്കുന്നതായും റഹ്മാൻ കുറിച്ചു. അർഹിക്കാത്ത വേദനകളിലൂടെ കടന്നുപോയ മകൾക്ക് വരാനിരിക്കുന്ന വർഷങ്ങളിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഉണ്ടാകുമെന്നും റഹ്മാൻ ആശംസിച്ചു. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമായാണ് റഹ്മാൻ കുറിപ്പ് പങ്കുവച്ചത്.

family

കുറിപ്പിന്റെ പൂർണരൂപം

'എന്റെ പ്രിയപ്പെട്ട മകൾക്ക്, നിനക്ക് മുപ്പത് വയസ് തികയുകയാണ്. ഇത് വെറും പ്രായത്തിന്റെ കണക്കല്ല. മറിച്ച് നിന്റെ ധൈര്യത്തിന്റെയും വളർച്ചയുടെയും അതിജീവനത്തിന്റെയും മനോഹരമായൊരു ഘട്ടമാണ്. നീ അർഹിക്കാത്ത വിധത്തിൽ ജീവിതം നിന്നെ പരീക്ഷിച്ച വർഷങ്ങളിലൂടെ നീ കടന്നുപോയത് ഒരു പിതാവെന്ന രീതിയിൽ ഞാൻ കണ്ടു. കൊടുങ്കാറ്റുകളെ നീ നിശബ്‌ദമായി നേരിട്ടു. വേദനകളെ അന്തസോടെ സഹിച്ചു. എന്നിട്ടും മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അതു തന്നെ ധാരാളമാണ് നീ എത്രമാത്രം ശക്തയാണെന്ന് തെളിയിക്കാൻ.

ജീവിതം നിന്നോട് ദയ കാണിച്ചിട്ടില്ല. പക്ഷേ അത്തരം അനുഭവങ്ങളൊന്നും നിന്റെ ഹൃദയത്തെ കട്ടിയുള്ളതാക്കിയില്ല. പഠിച്ചും സഹിച്ചും നീ കൂടുതൽ അറിവുള്ളവളായി മാറി. ഉള്ളിൽ ഭയം തോന്നുമ്പോഴും ചിന്താശേഷിയും അനുകമ്പയും കൈവിടാത്ത വ്യക്തിത്വമാണ് നിന്റേത്. നിന്നെക്കുറിച്ചോർത്ത് ഞാനിന്ന് അഭിമാനിക്കുന്നു.

മുപ്പത് എന്നത് ഒരു അവസാനമല്ല. അതൊരു ശക്തമായ തുടക്കമാണ്. ഇത് നിന്നെത്തന്നെ തിരിച്ചറിയാനും നിന്റെ മൂല്യം മനസിലാക്കാനും സന്തോഷം നിന്നെത്തേടി വരുന്നതിനുമുള്ള അദ്ധ്യായമാണ്. നീ ആരോടും ഒന്നും തെളിയിക്കാനോ വിശദീകരിക്കാനോ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്ന കാര്യം എപ്പോഴും ഓർമ്മിക്കുക. നീയെങ്ങനെയാണോ അങ്ങനെ തന്നെ തുടരുക.

നീ ആഴത്തിൽ സ്‌നേഹിക്കപ്പെടുന്നു. കടന്നുപോയ എല്ലാ ദുഷ്‌കരമായ ദിവസങ്ങളെക്കാളും ഇന്ന് നീ ശക്തയാണ്. ജീവിതം നിന്നെ എവിടേക്ക് എത്തിച്ചാലും എന്റെ പ്രാർത്ഥനകളും വിശ്വാസവും അഭിമാനവും നിന്നോടൊപ്പം ഉണ്ടാകും. വരാനിരിക്കുന്ന വർഷങ്ങൾ നീ അർഹിക്കുന്ന സന്തോഷം സമ്മാനിക്കുമെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ട മകൾക്ക് 30-ാം ജന്മദിനാശംസകൾ. ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഇപ്പോഴും നിന്നെ കാത്തിരിക്കുന്നു. ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും. പൂർണമായ സ്‌നേഹത്തോടെ അച്ഛൻ'

TAGS: RAHMAN, MOLLYWOOD, SOCIALMEDIA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY