
പൂനെ: വിമാന അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് മുംബയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട സ്വകാര്യ വിമാനം 8.45ന് ബരാമതി വിമാനത്താവളത്തിന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. തീപിടിത്തവും സ്‌ഫോടനങ്ങളും കാരണം തകര്‍ന്ന നിലയിലായിരുന്നു വിമാനം.
അജിത് പവാറിന്റെ ഉള്‍പ്പെടെ എല്ലാവരുടേയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ ആയിരുന്നു. അജിത് പവാര്‍ എല്ലായിപ്പോഴും കൈയില്‍ കെട്ടാറുള്ള അദ്ദേഹത്തിന്റെ വാച്ചാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. പ്രാദേശിക മാദ്ധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പവാറിന്റെ പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള വി.എസ്.ആര്‍ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിന്റെ ചെറുവിമാനമാണ് അപകടത്തില്‍ കത്തിനശിച്ചത്. തന്റെ മണ്ഡലമായ ബരാമതിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അജിത് പവാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുംബയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിനാണ് മുംബയില്‍ നിന്ന് പവാര്‍ ബുധനാഴ്ച രാവിലെ ബരാമതിയിലേക്ക് പറന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |