
വിശാഖപട്ടണം: ന്യൂസിലാന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 18.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിച്ചു. 50 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി കുറിച്ച ശിവം ദൂബെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. വെറും 23 പന്തുകളില്‍ നിന്ന് ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 65 റണ്‍സാണ് ഇടങ്കയ്യന്റെ സമ്പാദ്യം. ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് ആണ് അവസാന മത്സരം നടക്കുക.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 0(1) പുറത്തായി. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 8(8) പുറത്തായി. ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച ശേഷം സഞ്ജു സാംസണ്‍ 24(15) മൂന്നാമനായി മടങ്ങി. മൂന്ന് ഫോറും ഒരു സിക്‌സും മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഹാര്‍ദിക് പാണ്ഡ്യ 2(5) മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 63ന് നാല് എന്ന നിലയിലായിരുന്നു.
റിങ്കു സിംഗ് 39(30) റണ്‍സെടുത്തു പുറത്തായി. ഹര്‍ഷിത് റാണ 9(13), അര്‍ഷ്ദീപ് സിംഗ് 0(2), ജസ്പ്രീത് ബുംറ 4(2), കുല്‍ദീപ് യാദവ് 1(3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. രവി ബിഷ്‌ണോയി 10*(10) പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷ് സോദി, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മാറ്റ് ഹെന്റി, സാക്കറി ഫോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പിഴുതു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍ ടിം സീഫര്‍ട്ട് 62(36), ഡെവോണ് കോണ്‍വേ 44(23), ഡാരില്‍ മിച്ചല്‍ 39*(18) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കിവീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |