
# രസീത് അക്ഷരത്തെറ്റ് കാരണം മാറ്റിയടിച്ചതാണ്
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാപൈസ വകമാറ്റിയിട്ടില്ലെന്ന് പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ.
തിരിമറി നടത്തിയെന്ന മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ നിഷേധിച്ചു.
കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട സമിതിയാണ് ധനരാജിന്റെ കുടുംബത്തിന് ധനസഹായം സമാഹരിക്കാൻ തീരുമാനിച്ചത്. പാർട്ടി പ്രവർത്തകരാണ് പണം നൽകിയത്. പൊതുജനങ്ങളിൽ നിന്ന് നയാപൈസ സ്വീകരിച്ചിട്ടില്ല. ആരോപണം ഉന്നയിക്കുന്നവർക്ക് സ്ഥാപിത താൽപര്യമുണ്ടെന്നും തന്നെ ലക്ഷ്യമിട്ട് വേട്ടയാടുകയാണെന്നും മധുസൂദനൻ ആരോപിച്ചു.
ഫണ്ടുമായി ബന്ധപ്പെട്ട പണം മുഴുവൻ ബാങ്ക് അക്കൗണ്ടിലൂടെയാണ് കൈമാറിയത്. കണക്കുകൾ പാർട്ടിയുടെ എല്ലാ തലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ടെന്നും ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ധനരാജിന്റെ കുടുംബത്തിന് ഫണ്ടിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല . കണക്കുകളെക്കുറിച്ച് അവർക്ക് പൂർണ ബോധ്യമുണ്ട്. രക്തസാക്ഷി ഫണ്ട് പൂർണമായും ആ കുടുംബത്തിനുള്ളതാണെന്നും ഭാവിയിലും കുടുംബത്തെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
ബാങ്ക് ജീവനക്കാർ നൽകിയ പണം കാണാനില്ലെന്ന ആരോപണത്തിനും മറുപടി നൽകി. പയ്യന്നൂരിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥരാണ് ഓഫീസ് നിർമ്മാണ ഫണ്ട് കൈകാര്യം ചെയ്തത്. പാർട്ടി ലോക്കൽ കമ്മിറ്റികളാണ് പണം സമാഹരിച്ചത്. സമയബന്ധിതമായി ഓഡിറ്റ് നടത്താതിരുന്നതാണ് പാർട്ടിക്ക് പ്രയാസമുണ്ടാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടി ഉണ്ടായത്. ഓഡിറ്റ് ഒഴിവാക്കി പോകുന്ന പാർട്ടിയല്ല സി.പി.എം.
വ്യാജ രസീത് ആരോപണത്തിലും പ്രതികരിച്ചു. അക്ഷരത്തെറ്റുണ്ടായപ്പോൾ രസീത് മാറ്റിയടിച്ചു. ഓഫീസ് സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പണം നൽകിയപ്പോൾ രസീത് നൽകാതിരുന്നത് തന്റെ അമ്മയ്ക്ക് മാത്രമാണ്. ഇലക്ഷൻ ഫണ്ട് കൈകാര്യം ചെയ്തതിൽ തനിക്ക് നേരിട്ടുള്ള ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി.
കുഞ്ഞികൃഷ്ണൻ തന്റെ ചോരയ്ക്കായാണ് നടക്കുന്നത്. ഒരു രൂപ പോലും അനധികൃതമായി സമ്പാദിച്ചിട്ടില്ല. എവിടെ നിന്നാണ് താൻ നയാപൈസ ഉണ്ടാക്കിയതെന്ന് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് വെല്ലുവിളിച്ചു. വരുമാന സ്രോതസുകൾ ആർക്കും പരിശോധിക്കാം.
ആരോപണങ്ങൾ മാനസികമായി ബാധിച്ചെന്നും പ്രവർത്തകരുടെ പിന്തുണയാണ് ശക്തിയെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |