
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനുമായ 'അജിത് പവാറിന് (66) വിമാനദുരന്തത്തിൽ ദാരുണാന്ത്യം.
പിതൃസഹോദരനായ ശരത് പാവാറിന്റെ പാർട്ടിയായ എൻ.സി.പിയിലൂടെ വളരുകയും അതിനെ പിളർത്തി എൻ.ഡി.എ പക്ഷത്ത് എത്തുകയും ചെയ്ത അജിത് അതികായനായി തിളങ്ങി നിൽക്കേയാണ് മരണം.
ഇന്നലെ രാവിലെ മുംബയിൽ നിന്ന് ബാരാമതിയിലേക്ക് പോയ ലിയർജെറ്ര് 45 എക്‌സ്.ആർ ചാർട്ടർ വിമാനം എയർ സ്ട്രിപ്പിൽ ലാന്റിംഗിനിടെ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി അടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും തത്ക്ഷണം മരിച്ചു. പേഴ്സണൽ സെക്യൂരിറ്രി ഓഫീസർ വിദിപ് ജാദവ്, എയർക്രാഫ്റ്റ് അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് സുമിത് കപൂർ, സഹപൈലറ്റ് സാംഭവി പഥക് എന്നിവരാണ് ദുരന്തത്തിന് ഇരകളായ മറ്റുള്ളവർ.
റൺവേ കാണാൻ കഴിയാത്തതിനാൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടിരുന്നു. 08.44ന്
രണ്ടാമത്തെ ശ്രമം ദുരന്തത്തിൽ കലാശിച്ചു. രാജ്യസഭാംഗമായ ഭാര്യ സുനേത്ര പവാർ ഡൽഹിയിലായിരുന്നു. പാർട്ടി നേതാവായ പാർത്ഥ് പവാർ, ജയ് പവാർ എന്നിവരാണ് മക്കൾ.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചു.ബ്ളാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.
സംസ്‌കാരചടങ്ങ് ഇന്ന് പൂർണ സംസ്ഥാന ബഹുമതികളോടെ ബാരാമതിയിൽ നടക്കും. രാവിലെ 11ന് വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലായിരിക്കും ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തേക്കും.
നിർണായക നിമിഷങ്ങൾ
08.10: മുംബയിൽ നിന്ന് പുറപ്പെട്ടു
08.18:ബാരാമതി എയർസ്ട്രിപ്പുമായി ആശയവിനിമയം
3000 മീറ്റർ: കാഴ്ചാപരിധിയെന്ന് ടവറിൽ നിന്ന് അറിയിപ്പ്. ലാൻഡിംഗ് ക്ലിയറൻസ് നൽകി. റൺവേ കാണാൻ കഴിയാത്തിനാൽ ആദ്യശ്രമം ഉപേക്ഷിച്ചു
25 മിനിട്ട്: ഇത്രയും നേരം വട്ടമിട്ട് പറന്നു
08.43: ലാൻഡിംഗിന് വീണ്ടും അനുമതി. എന്നാൽ കോക് പിറ്റിൽ നിന്നു പ്രതികരണം ഉണ്ടായില്ല
08.44: റൺവേ 11ന്റെ ഇടതുവശത്തോടു ചേർന്ന് വന്നു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു
കാലാവസ്ഥയോ വില്ലൻ?
മൂടൽമഞ്ഞു കാരണം കാഴ്ചപരിധി കുറഞ്ഞതും, ലാൻഡിംഗ് സമയത്തെ പൈലറ്രുമാരുടെ വിലയിരുത്തലിൽ പിഴവുണ്ടായതും ദുരന്തത്തിന് കാരണമായെന്ന് സംശയം. വിമാനം മൂന്നു ഡിഗ്രി ചെരിവിലും, മിനിട്ടിൽ 300 അടി എന്ന തോതിലുമാണ് താഴേക്കിറങ്ങി വരേണ്ടതെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് സംശയം. താഴേക്ക് കുതിക്കുമ്പോൾ കാഴ്ചപരിധി 5000 മീറ്റർ വേണം. എന്നാൽ,3000 മീറ്റർ മാത്രമായിരുന്നു.
ഉത്തരം വേണം
മേയ് ഡേ സന്ദേശം പൈലറ്റുമാർ കൈമാറിയിരുന്നോ?
എന്തുകൊണ്ട് രണ്ടാമത്തെ ലാൻഡിംഗ് ക്ലിയറൻസിനോട് പൈലറ്റുമാരുടെ പ്രതികരണമുണ്ടായില്ല?
വിമാനത്തെ പൈലറ്റുമാർ കൈകാര്യം ചെയ്‌തതിൽ പാളിച്ച സംഭവിച്ചോ?
അഡ്വൈസറി ടവറുമായുള്ള ആശയവിനിമയത്തിൽ പിഴവുണ്ടായോ?
എൻ.ഡി.എയിൽ നിന്ന് മാറാൻ അജിത് പവാർ നീക്കം നടത്തുന്നുവെന്ന അഭ്യൂഹത്തിനിടെ വിമാനാപകടമുണ്ടായത് അട്ടിമറിയാണോയെന്നത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം
മമത ബാനർജി, പശ്ചിമബംഗാൾ മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |