
ന്യൂഡൽഹി: അജിത് പവാറിന് കണ്ണീരോടെ വിട നൽകി അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ബാരാമതി. പ്രമുഖ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബാരാമതി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ സംസ്‌കരിച്ചു. മക്കളായ പാർത്ഥും ജയും ചിതയ്‌ക്ക് തീകൊളുത്തി. 'അജിത് ദാദ അമർ രഹേ' വിളികളുമായി വൻ ജനക്കൂട്ടം മൈതാനത്ത് തടിച്ചുകൂടി. ഭാര്യയും രാജ്യസഭാ എം.പിയുമായ സുനേത്ര പവാർ പ്രിയതമന് വിട നൽകി. കുടുംബാംഗങ്ങൾ ഓരോരുത്തരായി അന്ത്യാഞ്ജലി അർപ്പിച്ചു.
ബാരാമതി അഹല്യബായ് ഹോൾക്കർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം ബുധനാഴ്‌ച രാത്രി സ്വദേശമായ കത്തേവാഡി ഗ്രാമത്തിൽ കൊണ്ടുവന്നിരുന്നു. അവിടെ നിന്ന് ഇന്നലെ രാവിലെ ഒമ്പതിന് വിലാപയാത്ര ആരംഭിച്ചു. റോഡിന് ഇരുവശത്തും ആയിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാൻ തിങ്ങിനിറഞ്ഞു. 11ന് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ,നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, അജിത് പവാറിന്റെ പിതൃസഹോദരനും എൻ.സി.പി നേതാവുമായ ശരദ് പവാർ, മകൾ സുപ്രിയ സുലേ, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ, മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ, ആന്ധ്രാപ്രദേശ് മന്ത്രി നാര ലോകേഷ്, നടൻ റിതേഷ് ദേശ് മുഖ് അടക്കം പ്രമുഖർ പങ്കെടുത്തു.
അപകടത്തിൽ കൊല്ലപ്പെട്ട പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ദിലീപ് ജാദവ്, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ക്യാപ്റ്റൻ സാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി എന്നിവരുടെ മൃതദേഹങ്ങളും സ്വദേശങ്ങളിൽ സംസ്‌കരിച്ചു.
ബ്ളാക്ക് ബോക്‌സ് കണ്ടെടുത്തു
അപകടത്തിൽപ്പെട്ട ലിയാർജെറ്റ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡും കണ്ടെത്തി. ദുരന്തത്തിന് മുൻപ് വിമാനത്തിന് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടാനുള്ള കാരണവും അവസാന നിമിഷം സംഭവിച്ചതിന്റെ വിശദാംശങ്ങളും ഇവയിൽ നിന്ന് ലഭിച്ചേക്കും. ഡി.ജി.സി.എ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും അപകട സ്ഥലത്ത് പരിശോധന നടത്തി. പൂനെ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |